- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
88-ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കം; തീർത്ഥാടനത്തിന്റെ ഭാഗമായ ധർമപതാക ഉയർത്തൽ ഇന്ന്
വർക്കല: 88-ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. ഭക്തരുടെ വരവ് അറിയിക്കുന്നതിന്റെ ഭാഗമായ ധർമപതാക ഉയർത്തൽ ഇന്ന് ഓൺലൈനായി നടക്കും. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന തീർത്ഥാടന സമ്മേളനങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം ഭക്തരുടെ തിരക്കു പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ വഴി 25 ന് ആരംഭിച്ചിരുന്നു.
88-ാം തീർത്ഥാടനത്തിന്റെ ഒന്നാം ദിവസമെന്ന നിലയിലാണ് ഇന്നു രാവിലെ 7 ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രം, കളവംകോടം ശക്തീശ്വരക്ഷേത്രം എന്നിവിടങ്ങളിൽ നിന്നെത്തിച്ച ധർമപതാകയും കൊടിക്കയറും ഉയർത്തുന്നത്. ഗുരുദേവന്റെ അഷ്ടലക്ഷ്യങ്ങൾ ആസ്പദമാക്കി ജനുവരി ഒന്നു വരെയാണു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആയിരത്തിൽ താഴെ പേർക്കു മാത്രമാണു പ്രവേശനം. മറ്റു സമയങ്ങളിൽ ദർശനമോ പൂജയോ അനുവദിക്കില്ല. തീർത്ഥാടകർ കർശനമായ കോവിഡ് മാനദണ്ഡം പാലിക്കണമെന്നു മഠം അധികൃതർ നിർദേശിച്ചു. അന്നദാനമോ തീർത്ഥാടകർക്കു ശിവഗിരിയിൽ തങ്ങാനുള്ള സൗകര്യമോ ലഭ്യമല്ല.
ഇന്നു രാവിലെ 9 ന് ഓൺലൈൻ ആയി വ്യവസായ സമ്മേളനം. ഉച്ചയ്ക്കു കുട്ടികളുടെ സമ്മേളനം. 31 ന് രാവിലെ വിദ്യാഭ്യാസ സമ്മേളനനവും ഉച്ചയ്ക്കു മാധ്യമ സമ്മേളനവും നടക്കും. ശാസ്ത്രസാങ്കേതിക പരിസ്ഥിതി സമ്മേളനവും വനിതാ സമ്മേളനവും സമാപന ദിവസം നടക്കും.
ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ചടങ്ങായ 31-ാം തീയതിയിലെ ഘോഷയാത്ര ഇപ്രാവശ്യം ഉണ്ടായിരിക്കില്ല. മഹാ സമാധി മന്ദിരത്തിനു മുൻപിൽ അന്നു രാവിലെ 8 ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും വൈദികരും അന്തേവാസികളും ലോകമംഗളത്തിനായി പ്രാർത്ഥന നടത്തും.
ലോകമെങ്ങുമുള്ള ഗുരുദേവ വിശ്വാസികൾ 10 മിനിട്ട് ദൈവദശകം ചൊല്ലി ഈ ചടങ്ങിൽ പങ്കാളികളാകണമെന്നു ശിവഗിരി മഠം അഭ്യർത്ഥിച്ചു.