ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള മലയാളി യുവാവിന് ഏഴ് വർഷത്തെ കഠിന തടവ്. ഡൽഹി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 35കാരനായ കണ്ണൂർ കൂടാളി സ്വദേശി ഷാജഹാൻ വെള്ളുവക്കണ്ടിയെയാണു ശിക്ഷിച്ചത്. 73,000 രൂപ പിഴയും ചുമത്തി. ഇയാൾക്ക് ഐഎസുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് കോടതി ഇയാളെ കഠിന തടവിന് ശിക്ഷിച്ചത്.

സിറിയ, തുർക്കി എന്നിവിടങ്ങളിലെ ഐഎസ് ശൃംഖലയുമായി ബന്ധമുള്ള ഇയാൾക്ക് മേൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിറിയ, തുർക്കി എന്നിവിടങ്ങളിലെ ഐഎസ് ശൃംഖലയുമായി ബന്ധമുള്ള ഇയാളെ 2017 ജൂലൈയിൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണു പൊലീസ് സ്‌പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുത്തു.

വ്യാജ പാസ്‌പോർട്ടുമായി തുർക്കിയിലെത്തിയ ഷാജഹാനെ അവിടെ നിന്നു ഡൽഹിയിലേക്കു തിരിച്ചയച്ചു. തുർക്കി വഴി സിറിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. ഐഎസ് സംഘത്തിന്റെ ഭാഗമാകാനുള്ള രണ്ടാം ശ്രമമായിരുന്നു ഇത്. 2016ൽ കുടുംബസമേതം മലേഷ്യ വഴി തുർക്കിയിലേക്കു കടക്കാനുള്ള ആദ്യ ശ്രമവും പരാജയപ്പെട്ടിരുന്നു.

തിരികെ ഇന്ത്യയിലെത്തിയ ഇയാൾ ചെന്നൈയിൽ നിന്നു വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ചു. മുഹമ്മദ് ഇസ്മായിൽ മൊഹിദീൻ എന്ന വ്യാജ പേരിൽ 2017ൽ വീണ്ടും പുറപ്പെട്ടെങ്കിലും തുർക്കി സിറിയ അതിർത്തിയിൽ പിടിയിലായി.