ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആശുപത്രിയിൽ ക്രിസ്ത്യൻ നഴ്സിനെ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ തബിത നസീർ ഗില്ലിനെ (30) ആണ് ജനക്കൂട്ടം ആക്രമിച്ചത്. യുവതി മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവർത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം കെട്ടിയിട്ട് പീഡിപ്പിച്ചത്.

രാവിലെ മുതൽ മർദ്ദിച്ച ശേഷം തബിതയെ ഒരു മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു.

ഒരു രോഗിയിൽ നിന്ന് സഹപ്രവർത്തക പണം സ്വീകരിച്ചത് കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രി സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് സ്റ്റാഫ് പണം സ്വീകരിക്കുന്നത് ഗിൽ വിലക്കിയിരുന്നു. എന്നാൽ, ഒരു മുസ്ലിം സഹപ്രവർത്തക ഇതിന് വിരുദ്ധമായി പ്രവർത്തിക്കുകയും രോ​ഗിയിൽ നിന്നും പണം സ്വീകരിക്കുകയുമായിരുന്നു. ​ഗിൽ ഇത് ചോദ്യം ചെയ്തതോടെ ഇവർ ​ഗില്ലിന് മേൽ മതനിന്ദ ആരോപിക്കുകയായിരുന്നു.

ആശുപത്രിയിൽ യുവതിയെ മർദ്ദിക്കുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെ ഒരു സംഘം യുവതിയെ മർദ്ദിക്കുന്നതായി കാണാം. നിരവധി സ്ത്രീകൾ യുവതിയെ ചുറ്റും നിന്ന് മർദ്ദിക്കുന്നതാണ് ​ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അതേസമയം, തബിത മതനിന്ദ നടത്തിയെന്നതിന് യാതൊരു തെളിവും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലായെന്ന് കേസിൽ ഇടപെട്ട നസീർ റാസ എന്ന ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകൻ പറഞ്ഞു. കഴിഞ്ഞ ഒൻപതു വർഷമായി കറാച്ചിയിലെ സോഭ്രാജ് മെറ്റേർണിറ്റി ആശുപത്രിയിൽ തബിതക്കൊപ്പം നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവർത്തകയായ മുസ്ലിം സ്ത്രീയാണ് വ്യാജ ആരോപണം ഉന്നയിച്ചത്.

പിന്നീട് പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരിയല്ലെന്നു കണ്ടെത്തുകയായിരുന്നു. സ്വന്തം സുരക്ഷയെ കരുതി അജ്ഞാത വാസത്തിലാണ് തബിതയിപ്പോൾ. തബിതക്കെതിരെ സഹപ്രവർത്തക ഉന്നയിച്ച ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും അവളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നു ‘സെന്റർ ഫോർ ലീഗൽ എയിഡ് അസിസ്റ്റൻസ് & സെറ്റിൽമെന്റ്'ന്റെ ഡയറക്ടറായ നസീർ സയീദ്‌ പറഞ്ഞു. മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീർക്കുവാൻ ഉപയോഗിക്കുന്നുണ്ടെന്ന് തങ്ങളുടെ പഠനത്തിൽ കണ്ടെത്തിയതായും നസീർ സയീദ്‌ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം 9 ക്രൈസ്തവർക്കെതിരെയാണ് മതനിന്ദ ആരോപിക്കപ്പെട്ടത്. നിഷ്കളങ്കരായ മൂന്ൻ ജീവനുകൾ മതനിന്ദയുടെ പേരിൽ കഴിഞ്ഞവർഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഹമ്മദ് നബിയെയോ ഇസ്ലാമിനെയോ ഖുറാനെയോ അപമാനിക്കുന്ന ആളുകൾക്ക് വധശിക്ഷ നൽകുന്ന കർശനമായ മതനിന്ദ നിയമങ്ങൾ പാക്കിസ്ഥാനിലുണ്ട്. ജനസംഖ്യയുടെ 98 ശതമാനവും ഇസ്ലാമിനെ പിന്തുടരുന്ന രാജ്യത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെ മറ്റ് മതവിഭാഗങ്ങളിലെ അംഗങ്ങളെ ഇല്ലാതാക്കാൻ നിയമം ലക്ഷ്യമിടുന്നുവെന്ന് വിമർശകർ പറയുന്നു. ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും വ്യക്തി വൈരാ​ഗ്യം തീർക്കുന്നതിനും മതനിന്ദ ആരോപണങ്ങൾ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തര, അന്തർദ്ദേശീയ മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു.