കോട്ടയം: പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. വനിതാ ഡിജിപിയുടെ ബന്ധുവിന്റെ പേരിലുള്ള സ്ഥലത്തിന്റെ ഇടപാടെന്ന വ്യാജേന 61 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ ളാക്കാട്ടൂർ കുമരകംകോടത്ത് സുമോദ് കെ. ഏബ്രഹാ(39)മിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ ഫിനാൻഷ്യൽ ഓഫിസർ ചമഞ്ഞായിരുന്നു തട്ടിപ്പ്. സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി വിശ്വാസമാർജിച്ച ശേഷമായിരുന്നു തട്ടിപ്പ്.

നാട്ടകം സ്വദേശി സേജു ലാൽ, കളത്തിപ്പടി സ്വദേശി മിഥുൻ കെ. പ്രഭാകർ എന്നിവരാണ് സുമോദിന്റെ തട്ടിപ്പിന് ഇരയായത്. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലാണു നടപടി. സുമോദിന്റെ സുഹൃത്തുക്കളാണു പരാതിക്കാരായ മിഥുനും സേജു ലാലും. 2012-13 കാലത്താണു തട്ടിപ്പിന് ആസ്പദമായ സംഭവം. ഹെഡ് ക്വാർട്ടേഴ്‌സിലെ സന്ദർശക മുറിയിലിരുന്നാണു തങ്ങളോടു സുമോദ് സംസാരിച്ചത്. ഇതുവഴി വന്ന ഉന്നത ഉദ്യോഗസ്ഥരെയെല്ലാം എഴുന്നേറ്റു നിന്നു സല്യൂട്ട് നൽകിയും വിശ്വാസമാർജിച്ചതായി പരാതിക്കാർ പറയുന്നു.

വനിതാ ഡിജിപിയുടെ അടുത്ത സുഹൃത്താണെന്നാണ് ഇയാൾ പരാതിക്കാരോടു പറഞ്ഞിരുന്നത്. ഡിജിപിയുടെ അമ്മാവൻ വിദേശത്തു താമസിക്കുന്ന മക്കളുടെ അടുത്തേക്കു പോകുകയാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പേരിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്കുള്ള റോഡിന് അരികിലുള്ള 12 സെന്റ് സ്ഥലം വിൽക്കാൻ ഏൽപിച്ചിരിക്കുകയാണെന്നുമാണു പറഞ്ഞിരുന്നത്.

സ്ഥലം വാങ്ങി മറിച്ചുവിറ്റു ലാഭം തരാം എന്നായിരുന്നു വാഗ്ദാനം. 2012-13 കാലത്തു പണം വാങ്ങി. എന്നാൽ 2017ലാണു സുമോദ് സ്ഥലം വാങ്ങിയിട്ടില്ലെന്നും ഇയാൾക്കു പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ജോലി ഇല്ലെന്നും ബോധ്യപ്പെട്ടത്. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ മുൻകൂർ ജാമ്യം നേടി കഴിയുകയായിരുന്നു. ഇന്നലെ ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ഈസ്റ്റ് പൊലീസ് ജാമ്യത്തിൽ വിട്ടു.