ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ സിമോണ ഹാലെപ്പിനെതിരേ തകർപ്പൻ പ്രകടനം കാഴ്ച വയ്ക്കുകയാണ് സെറീന. ഗാലറിയിലിരുന്ന ആരാധകന്റെ ആവേശ പെരുമഴയ്ക്കിടെ സെറീന തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ തകർപ്പൻ കളിക്കിടയിലും താരമായത് സെറീന ആയിരുന്നില്ല. ഗാലറിയിലിരുന്ന സെറീനയുടെ ആരാധകനും അദ്ദേഹം ധരിച്ച ടി ഷർട്ടും ആയിരുന്നു.

ആ ആരാധകൻ മറ്റാരുമായിരുന്നില്ല. സെറീന വില്ല്യംസിന്റെ ഏറ്റവും വലിയ ആരാധകനും ഭർത്താവുമായ അലെക്സിസ് ഒഹാനിയൻ. കോർട്ടിൽ പ്രായം മറന്ന് പൊരുതിജയിക്കുന്ന സെറീനയ്ക്ക് പുറത്ത് ഏറ്റവും അധികം കരുത്തേകുന്നത് ഒഹാനിയനാണ്. കോർട്ടിൽ സെറീന പൊരുതുമ്പോൾ ഗാലറിയിലിരുന്നു കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഒഹാനിയനെ ആയിരുന്നു സെറീനയുടെ ആരാധകരും ടി.വി ചാനലുകളും ഒപ്പി എടുത്ത്. ആരാധകരുടെ മനസിൽ ഇടം നേടിയത് ഒഹാനിയന്റെ ആവേശം മാത്രമല്ല, ധരിച്ച് ടിഷർട്ട് കൂടിയാണ്.

സെറീനയുടെ ചിത്രം പതിച്ച ആ ടി ഷർട്ടിലെ ഗ്രേറ്റസ്റ്റ് ഫീമെയിൽ അത്ലറ്റ് എന്ന വാക്കുകളായിരുന്നു ആകർഷണം. ഇതിലെ ഫീമെയ്ൽ എന്ന വാക്ക് വെട്ടിയിട്ടുമുണ്ട്. ഇരുപത്തിമൂന്ന് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സെറീനയ്ക്ക് ആദരമായി നൈക്കി പുറത്തിറക്കിയ ടിഷർട്ടാണിത്.

ഒഹാനിയന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ കൈയടിയാണ്. ഒപ്പം ഈ ടി ഷർട്ടിനെ കുറിച്ചുള്ള അന്വേഷണങ്ങളുമുണ്ട്. സെറീന കളി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞുവെന്ന് പറഞ്ഞ വ്യവസായി ഇയോ ടിറിയാക്കിനോട് രൂക്ഷമായ ഭാഷത്തിൽ പ്രതികരിക്കാനും മറന്നില്ല ഒഹാനിയൻ. വംശവെറിയനായ സെക്സിസ്റ്റായ ഇയോൺ ടിറിയാക്കിന് ആരും ചെവികൊടുക്കുന്നില്ല എന്നത് ആശ്വാസമാണെന്ന് സെറീനയുടെ മത്സരത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഒഹാനിയൻ ട്വീറ്റ് ചെയ്തു. ഇത് ഒൻപതാമത്തെ തവണയാണ് സെറീന ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമയിൽ പ്രവേശിക്കുന്നത്.