കൽപറ്റ: മാവോയിസ്റ്റ് വേൽമുരുകന്റെ കൊലപാതകത്തിന് നാലു മാസങ്ങൾക്ക് ശേഷം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ വെളിപ്പെടുന്നത് പൊലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന പുതിയ മുഖം. ഒരു മനുഷ്യ ജീവനിൽ എത്രത്തോളം വേദനിപ്പിച്ച് രസിക്കാമോ അത്രത്തോളം വേദനിപ്പിച്ച ശേഷമാണ് കേരളാ പൊലീസും തണ്ടർ ബോൾട്ടും ചേർന്ന് അതിക്രൂരമായി വേൽമുരുകനെ കൊലപ്പെടുത്തിയത്.

പടിഞ്ഞാറത്തറ ബപ്പനം മലയിലെ ഏറ്റുമുട്ടലിൽ നവംബർ 3നാണ് ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകൻ കൊല്ലപ്പെട്ടത്. 33കാരനായ വേൽമുരുകന്റെ ശരീരത്തിൽ 44 മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രണ്ട് തുടയെല്ലുകൾ പൊട്ടിയത് മരണത്തിന് ശേഷമാണെന്നും ആന്തരികാവയവങ്ങളിൽ വെടിയേറ്റതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾക്കെല്ലാം വെടിയേറ്റിരുന്നു. വേൽമുരുകന്റെ ശരീരത്തിലെ ഓരോ അണുവും ഇഞ്ചിഞ്ചായി കീറിയ ശേഷമാണ് മരണത്തിന് വിട്ടു കൊടുത്തതെന്ന് ചുരുക്കം.

കൊലപ്പെടുത്തണമെന്ന് കരുതി കൂട്ടിതന്നെയായിരുന്നു വേൽമുരുകനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചതെന്ന് വ്യക്തം. വേൽമുരുകന്റെ ശരീരത്തിൽ കഴുത്തിന് താഴെയും അരയ്ക്ക് മുകളിലുമായാണ് 44 മുറിവുകളും സംഭവിച്ചത്.. ഇതിൽ ഓരോ മുറിവും ഒറ്റയ്‌ക്കോ കൂട്ടായോ മരണകാരണമാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും കരളിലും ഉൾപ്പെടെ പ്രധാന അവയവങ്ങളിലെല്ലാം വെടിയേറ്റിരുന്നു. ശരീരത്തിന്റെ മുൻഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. പൊലീസിന്റെ കൊടും ക്രൂരതയുടെ മുഖമാണ് ഇത് വെളിപ്പെടുത്തുന്നത്.

വേൽമുരുകൻ കൊല്ലപ്പെട്ട സംഭവം നടന്ന അന്ന് ആരെയും സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല. മാധ്യമങ്ങളെ പോലും കാണിക്കാതെയായിരുന്നു മൃതദേഹം നീക്കം ചെയ്തത്. വനത്തിൽ പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതാണ് ഏറ്റുമുട്ടലിന് കാരണമായി പൊലീസ് പറയുന്നത്.

മുട്ടിന് താഴെ വെടിവയ്ക്കാതെ നെഞ്ചിനും വയറിനും വെടിവച്ചത് മനഃപൂർവം കൊലപ്പെടുത്തിയെന്നതിന്റെ തെളിവാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി. റഷീദ്, മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി. ഹരി എന്നിവർ ആരോപിച്ചു. തുടയെല്ലുകൾ പൊട്ടിയത് മരണത്തിന് ശേഷമാണെന്ന കണ്ടെത്തലും ദുരൂഹത വർധിപ്പിക്കുന്നു. കൊലപാതകം നടന്ന് 4 മാസത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്.