അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മയുടെ പൂരത്തിന് കൊടികയറി. ഉത്സവത്തിന് തുടക്കം കുറിച്ച ഞായറാഴ്ച രാവിലെ 4.30-മുതൽ ദർശനത്തിനായി ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏറെനേരം വരിനിന്നാണ് ഭക്തർ തൊഴുതു മടങ്ങിയത്.

തന്ത്രി പന്തലകോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പുറപ്പാട് പൂജ നടന്നത്. ക്ഷേത്രം അടിയാൾ പരമേശ്വരൻ അടിയാളുടെ നൃത്തച്ചുവടിനുശേഷം പാണികൊട്ടി നാലമ്പലത്തിനകത്തുനിന്ന് ഭഗവതിയുടെ പഞ്ചലോഹത്തിടമ്പുവെച്ച കോലത്തോടെ പൂരം കൊട്ടിപ്പുറപ്പെട്ടു. വടക്കേ ബലിക്കൽപുരയിൽ മാമാങ്കസ്മരണകളുണർത്തുന്ന ചാവേർ പടയാളികളായ പാനേങ്കളിസംഘം നൃത്തംവെച്ച് കുമ്പിട്ടു.

ക്ഷേത്രം വലംവെച്ച് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ് വടക്കേനട ഇറങ്ങി ആറാട്ടുകടവിലേക്ക് എഴുന്നള്ളി. ആറാട്ടുകടവിൽ പന്തലകോട്ടത്ത് ദാമോദരൻ നമ്പൂതിരി ആറാട്ടുകർമങ്ങൾക്ക് നേതൃത്വംനൽകി. ആറാട്ടിന് പശ്ചാത്തലമായി കല്ലൂർ സന്തോഷിന്റെ നേതൃത്വത്തിൽ കേളികൊട്ട്. ആറാട്ടിനുശേഷം പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ്. ക്ഷേത്രാങ്കണത്തിൽ കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം. ഉച്ചപൂജയ്ക്കുശേഷം ശ്രീഭൂതബലിയോടെ പകൽപ്പൂരച്ചടങ്ങുകൾ സമാപിച്ചു.

വൈകുന്നേരം തിരുമുറ്റത്ത് ഓട്ടൻതുള്ളൽ, പാഠകം, തായമ്പക തുടങ്ങിയവയുണ്ടായി. 11-ാം പൂരമായ 31-ന് പൂരം സമാപിക്കും.