- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനുവിന്റെ മരണത്തിൽ ആ അജ്ഞാത സുഹൃത്തിനുള്ള ബന്ധം എന്താണ്? മരിക്കുന്നതിന്റെ തലേന്ന് സുഹൃത്തുമൊത്ത് വെള്ളാണിക്കൽ പാറമുകളിൽ പോയത് എന്തിന്? മീനുവിന്റെ മരണത്തിലെ ദൂരുഹത അന്വേഷിക്കണമെന്നാവശ്യവുമായി മാതാവ്
വെഞ്ഞാറമൂട്: മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി. 21കാരിയായ മകളുടെ മരണത്തിന് പിന്നിലുള്ള സുഹൃത്തിന്റെ പങ്ക് തെളിയിക്കണമെന്ന ആവശ്യവുമായി വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടിൽ സി.ഷൈലജയാണ് പരാതിയുമായി രംഗത്ത് എത്തിയത്. മകൾ മീനു(21)വിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരയവരെ കണ്ടെത്തണമെന്നാണ് ആവശ്യം.
തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. എന്നാൽ മരണത്തിന്റെ കാരണം വ്യക്തമല്ല. അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോൾ ഫോൺനമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. വീട്ടുകാർക്ക് അറിയാത്ത ഒരു സുഹൃത്തിന്റെ നമ്പറായിരുന്നു ഇത്.
ഈ നമ്പരിൽ ബന്ധുക്കൾ വിളച്ചപ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെൺകുട്ടി രാത്രി 9 വരെ വെള്ളാണിക്കൽ പാറമുകളിൽ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങൾ സംഭവദിവസം രാവിലെ സുഹൃത്തിനെ പെൺകുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഈ സുഹൃത്തിന് മീനുവിന്റെ മരണവുമായി ഉള്ള ബന്ധമെന്തെന്ന് കണ്ടെത്തണമെന്നാണ് അമ്മയുടെ ആവശ്യം. മരണത്തിൽ വ്യക്തമായ സംശയം ഉയർന്നതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിശദവിവരങ്ങൾ കാണിച്ച് പരാതി നൽകി.എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാൾ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ