മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്രയിലെ ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്മുഖിനെതിരെ മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് സുപ്രീംകോടതിയെ സമീപിച്ചു. പരംബീർ സിംഗിനെ എൻഐഎ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മലക്കം മറിച്ചിൽ. ഇതോടെ പരംബീർ സിങ് ശിവസേന സർക്കാരിന്റെ കണ്ണിലെ കരടാകുകയാണ്.

മഹാരാഷ്ട്ര സർക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പരം ബീർ സിങ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ആന്റിലിയയ്ക്ക് മുൻപിൽ ബോംബ് വെച്ച സംഭവവും അതിനായി ഉപയോഗിച്ച വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരന്റെ കൊലപാതകവും പരംബീർ സിംഗിന്റെ തലയിൽ കെട്ടിവെക്കാനുള്ള എൻസിപി നേതാക്കളുടെയും ഉദ്ധവ് താക്കറെയുടെയും ശ്രമം തിരിച്ചറിഞ്ഞാണ് നീക്കം. ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മഹാരാഷ്ട്ര ഗവർണർക്കും കത്തയക്കുകയായിരുന്നു.

തന്റെ ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പരംബീർ സിങ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സീനിയർ അഭിഭാഷകൻ മുകുൾ രോഹത്ഗി പരംബീർ സിംഗിന് വേണ്ടി ഹാജരാകും. തെളിവുകൾ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും പരംബീർ സിങ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ അംബാനിയുടെ വീട്ടിന് മുന്നിൽ ബോബ് വച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലത്തിൽ എത്തുകയാണ്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ഒട്ടേറെ ആരോണപങ്ങൾ പരംബീർ സിങ് ഉന്നയിച്ചിരുന്നു. ബാറുകളിൽ നിന്നും ഡാൻസ് ക്ലബ്ബുകളിൽ നിന്നും മാസം തോറും 100 കോടി രൂപ വീതം കൈക്കൂലിയായി പിരിച്ചെടുക്കണമെന്ന് ആഭ്യന്തരമന്ത്രി കൽപിച്ചിരുന്നു എന്ന ആരോപണമായിരുന്നു ഇതിൽ പ്രധാനം. മുകേഷ് അംബാനിയുടെ വീടിന് മുൻപിൽ സ്ഫോടകവസ്തുക്കൾ നിറച്ച് വാഹനം ഉപേക്ഷിച്ച സംഭവത്തിന്റെ ആസൂത്രകരിലൊരാളായ സച്ചിൻ വാസെയെ ഏറെ വർഷത്തെ സസ്പെൻഷന് ശേഷം വീണ്ടും ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത് ആഭ്യന്തരമന്ത്രിയും എൻസിപി നേതാവ് ശരത്പവാറും അറിഞ്ഞുകൊണ്ടാണെന്നതായിരുന്നു രണ്ടാമത്തെ ആരോപണം.

പരംബീർ സിംഗിനെ മുംബൈ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് അദ്ദേഹം മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിനെതിരെ നീങ്ങിയത്. അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി സംബന്ധിച്ച കേസന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ചാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് മുംബൈ പൊലീസ് കമ്മീഷണർ പദവിയിൽ നിന്നും പരംബീർ സിംഗിനെ മാറ്റിയത്. തന്നെ മുംബൈ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് ഏകപക്ഷീയമായ നടപടിയാണെന്നും പരംബീർ സിങ് ഹർജിയിൽ ആരോപിക്കുന്നു.

ആദ്യമൊക്കെ പരംബീർ സിംഗിനെ കുറ്റപ്പെടുത്തിയിരുന്ന എൻസിപി നേതാവ് ശരത്പവാറും ഇപ്പോൾ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വലിയ വീഴ്ച വരുത്തിയെന്ന് തുറന്നുസമ്മതിക്കുകയാണ്. ബിജെപി അനിൽ ദേശ്മുഖിന്റെ രാജിക്കായി മുറവിളി കൂട്ടുകയാണ്. ഇദ്ദേഹത്തിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്നും ശരത്പവാർ പറയുന്നു. മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് കൂട്ടുകെട്ടിന് വലിയ തലവേദനയാണ് ഈ വിവാദം.