നിറകുടം തുളുമ്പില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധം ഒലീവിലക്കൊമ്പുകളേന്തി പതിനായിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രകളും മറ്റു ആഘോഷങ്ങളും ഒഴിവാക്കി അടച്ചിട്ട സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഏകനായി തിരുകർമ്മങ്ങൾ നടത്തി മനുഷ്യരാശിയുടെ രക്ഷയ്ക്കായി ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ച് മാർപ്പാപ്പ. അപ്പോഴും തെരഞ്ഞെടുപ്പുകാലത്തെത്തിയ ഓശാന ഞായർ കേരളത്തിൽ ആഘോഷമാക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോളുകൾ അപ്പാടെ കാറ്റിൽ പറത്തിയ ആഘോഷങ്ങൾക്ക് കൊഴുപ്പേകുവാൻ തെരഞ്ഞെടുപ്പ് ചൂടിൽ കൊറോണ വെന്തുചാകും എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരും എത്തിയതോടെ കാര്യങ്ങൾ പൂർണ്ണമായി.

കാലാകാലങ്ങളായി സെയിന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ, കൈകളിൽ ഒലീവിലക്കൊമ്പുകൾ ഏന്തിയുള്ള ഘോഷയാത്രയിൽ വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ പതിനായിരങ്ങളാണ് പങ്കെടുക്കാറുള്ളത്. അതിനുശേഷം തുറസ്സായ സ്ഥലത്ത് നടത്തുന്ന വിശുദ്ധ കുർബാനയിലും പതിനായിരങ്ങൾ പങ്കെടുക്കുമായിരുന്നു. എന്നാൽ, ലോകമാകെ പടരുന്ന മഹാവ്യാധിയുടെ ഗൗരവം നന്നായി മനസ്സിലാക്കിയ പോപ്പ് ഫ്രാൻസിസ് ഇത്തവണയും അതെല്ലാം ഒഴിവാക്കുകയായിരുന്നു. അടച്ചിട്ട സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ അദ്ദേഹം പ്രാർത്ഥനയിൽ മുഴുകി.

ഇറ്റാലിയൻ സർക്കാരിന്റെ നിർദ്ദേശമനുസരിച്ച്, ആൾക്കൂട്ടത്തെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു പോപ്പ് ഈ വിശുദ്ധ ദിനം ആഘോഷിച്ചത്. അവിശ്വാസം, നിരാശ, ഭിന്നത എന്നിവയെല്ലാം സൃഷ്ടിക്കുവാൻ ഈ മഹാമാരികാലത്ത് ചെകുത്താൻ ശ്രമിക്കുമെന്ന മുന്നറിയിപ്പ് നൽകിയ മാർപ്പാപ്പ, ശാരീരികവും, മാനസികവും ആത്മീയവുമായ വേദനകൾ ഈ മഹാമാരി മനുഷ്യരിലുണ്ടാക്കിയതായി പറഞ്ഞു. പതിനായിരങ്ങൾപങ്കെടുക്കാറുണ്ടായിരുന്നഘോഷയാത്രയിൽ ഇത്തവണ കേവലം 120 പേരെ മാത്രമായിരുന്നു പങ്കെടുപ്പിച്ചത്.

നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് പ്രഖ്യാപിച്ച് ചെറിയ രീതിയിലുള്ള കോയറിന് ഇംഗ്ലണ്ടിൽ അനുവാദം നൽകിയിരുന്നു. ജറുസലേമിലെ പുരാതന നഗരത്തിലുള്ള ചർച്ച് ഓഫ് ഹോളി സെപൽച്ചറിൽ ഒരു ചെറിയ ജനക്കൂട്ടം പുരോഹിതരുടെ നേതൃത്വത്തിൽ ഒലീവിലക്കൊമ്പുകളേന്തി ഘോഷയാത്ര നടത്തി. സിറിയയിലെ അൽ ഖാസ്സായിൽ ലേഡി ഓഫ് ഡമാസ്‌കസ് പള്ളിയിലും പാക്കിസ്ഥാനിലെ ലാഹോറിലുള്ള സെയിന്റ് ആന്റണി ചർച്ചിലും സമാനരീതിയിലുള്ള ആഘോഷങ്ങൾ നടന്നു.

കുരിശാരോഹണത്തിനു മുൻപായി യേശുക്രിസ്തു ജറുസലേം നഗരത്തിലെത്തിയതിനെ ഓർമ്മിപ്പിക്കുന്ന ഓശാന ഞായർ പ്രാർത്ഥനകളും സ്തുതികളുമായി ലോകമെമ്പാടും ആഘോഷിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അദ്ദേഹത്തിന്റെ ജന്മനാടായ ഡെലാവെയറിലെ ബ്രാൻഡിവൈൻ കത്തോലിക് ചർച്ചിലായിരുന്നു കുർബാനയ്ക്ക് എത്തിയത്. മാസ്‌ക് ധരിച്ച്, കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് അദ്ദേഹം എത്തിയത്.