- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുവിനെ കുരിശിൽ തറച്ച ഗാഗുൽത്ത മലയിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ; നിലത്ത് കമഴ്ന്നു കിടന്ന് കണീരർപ്പണം നടത്തി പോപ്പ്; സ്വയം കുരിശിലേറി വേദന തിന്നു ഫിലിപ്പൈനികൾ; ലോകം ദുഃഖവെള്ളിയാഴ്‌ച്ച ആചരിച്ചതിങ്ങനെ
മനുഷ്യകുലത്തിന്റെ പാപങ്ങളേറ്റുവാങ്ങി കുരിശിലേറിയ ദൈവപുത്രന്റെ സ്മരണക്ക് മുന്നിൽ പ്രാർത്ഥനകൾ അർപ്പിച്ചു ലോകം ദുഃഖവെള്ളിയാഴ്‌ച്ച ആചരിച്ചു. വാക്സിൻ പദ്ധതി വിജയം കൈവരിച്ചതിനെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തകളഞ്ഞ ജറുസലേമിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനകളുമായി ഒത്തുകൂടിയത്. വത്തിക്കാനിലെ സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ ദുഃഖവെള്ളിയാഴ്‌ച്ചയിലെ പ്രത്യേക പ്രാർത്ഥനകളുടെ ഭാഗമായി നിലത്ത് കമഴ്ന്നുകിടന്ന് പൊപ്പ് കണ്ണുനീർപ്പണം നടത്തി.
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ അടച്ചിട്ടിരുന്ന ജറുസലേമിലെ കൃസ്ത്യ തീർത്ഥാടന കേന്ദ്രങ്ങൾ ഈവർഷം തുറന്നുകൊടുത്തിട്ടുണ്ട്. എന്നിരുന്നാലും ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകരുടെ എണ്ണം കുറവായിരുന്നു. യേശുവിന്റെ കുരിശേന്തിയ യാത്രയുടെ ഓർമ്മപുതുക്കുവാനായി ഗാഗുൽത്താമലയിലേക്ക് ആയിരങ്ങളാണ് കുരിശുമേന്തിയുള്ള യാത്രയ്ക്കായി എത്തിയത്. എന്നാൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉള്ള വത്തിക്കാനിൽ താരതമ്യേന ചെറിയ ആൾക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
കുറച്ചു മാത്രം കോവിഡ് കേസുകളുള്ള ആസ്ട്രേലിയയിൽ വിശ്വാസികൾ കൂട്ടംകൂടമായി തെരുവിലിറങ്ങി കുരിശിന്റെ വഴി ആചരിച്ചു. അതുപോലെ മാസ്‌ക് ധരിച്ച് പള്ളികൾക്കകത്തും ഒത്തുകൂടാനുള്ള അനുവാദം ഉണ്ടായിരുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഫിലിപൈൻസിൽ അതിനൊക്കെ പുല്ലുവില കൽപിച്ചാണ് കത്തോലിക്ക വിശ്വാസികൾ സ്വയം വേദനയേറ്റുവാങ്ങാൻ തെരുവിലിറങ്ങിയത്. ദൈവപുത്രനേറ്റ ചാട്ടവാറടികളെ ഓർമ്മിപ്പിച്ചുകൊണ്ട് സ്വയം ചാട്ടവാറിനടിച്ച് രക്തമൊലിപ്പിച്ചാണ് അവർ സഹനത്തിന്റെ ശക്തി തെളിയിച്ചത്.
അതേസമയം കോവിഡിന്റെ മൂന്നാം വരവ് ആഞ്ഞടിക്കുന്ന യൂറോപ്പിൽ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരുന്നു ദുഃഖവെള്ളിയാഴ്‌ച്ച ആചരിച്ചത്. സ്പെയിനിൽ നിയന്ത്രണങ്ങൾക്ക് അയവു വരുത്തി പള്ളികളിൽ പ്രാർത്ഥനകളും ഗാനങ്ങളും അനുവദിച്ചിരുന്നു. അതേസമയം ചെക്ക് റിപ്പബ്ലിക്കിൽ, ഉൾക്കൊള്ളാവുന്നതിന്റെ പത്തുശതമാനം പേർക്ക് മാത്രമാണ് പള്ളികളിൽ പ്രവേശനം ഉണ്ടായിരുന്നത്. അഗ്‌നിബാധയ്ക്ക് ഇരയായ പാരിസിലെ നോട്രേ ഡേം കത്തീഡ്രൽ മൂന്നാം ദേശീയ ലോക്ക്ഡൗൺ മൂലം അടച്ചുപൂട്ടിയിരുന്നു. ലണ്ടനിലെ ട്രഫാൽഗർ ചത്വരത്തിൽ ഉയർത്തിയ യേശുവിന്റെ ക്രൂശിത രൂപം മാത്രമായിരുന്നു ബ്രിട്ടന്റെ തലസ്ഥാനത്ത് ഈ വിശുദ്ധ ദിനത്തിന്റെ ഓർമ്മപ്പെടുത്തലായി ഉണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ മൂലം പൂട്ടിയിരുന്ന ചർച്ച് ഓഫ് ഹോളി സെപുൽക്കർ ഇത്തവണ വിശ്വാസികൾക്കായി തുറന്നുകൊടുത്തിരുന്നു. കൃസ്തുമത വിശ്വാസപ്രകാരം ഇവിടെയാണ് യേശുവിനെ കുരിശിൽ തറച്ചതും പിന്നീട് കല്ലറയിൽ അടക്കിയതും മൂന്നാം നാൾ യേശു ഉയർത്തെഴുന്നെറ്റതും. ഇത്തവണ വെസ്റ്റ് ബാങ്കിൽ നിന്നും 5000 ഓളം കൃസ്ത്യൻ ഫലസ്തീനികൾക്ക് ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാൻ ഇസ്രയേലിൽ പ്രവേശിക്കുന്നതിനുള്ള അനുവാദവും നൽകിയിട്ടുണ്ട്.
അതേസമയം രാത്രികാല കർഫ്യൂ നിലനിൽക്കുന്ന ഫ്രാൻസിൽ സാധാരണയായി നടക്കാറുള്ള രാത്രികാല നഗരപ്രദക്ഷിണം ഒഴിവാക്കി. പല ചടങ്ങുകളും നേരത്തേയാക്കി പകൽ സമയത്തുതന്നെ പൂർത്തിയാക്കുകയായിരുന്നു. എന്നാൽ, ഈസ്റ്റർ ദിനത്തിൽ അകലെയുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതിനായി അഭ്യന്തര യാത്രാനിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ ഫ്രഞ്ച് സർക്കാർ വരുത്തിയിട്ടൂണ്ട്.
മറുനാടന് മലയാളി ബ്യൂറോ