- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടതും കണാത്തതുമായ കാഴ്ചകളെല്ലാം ചിത്രങ്ങളുടെ വർണ്ണക്കൂട്ടിലാക്കിയ മിടുക്കൻ; വീടിനുള്ളിൽ നിറഞ്ഞിരിക്കുന്നത് ചിത്രങ്ങളുടെ വലിയ ശേഖരം; പതിനഞ്ച് വയസ്സിനിടെ വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങൾ; ചിത്രങ്ങളുടെ വലിയ ലോകത്തേക്കുള്ള കുതിപ്പിനിടെ ആദിത്യൻ ചിറകറ്റു വീണു: കരഞ്ഞു തളർന്ന് ഒരു നാട് മുഴുവനും
കാഞ്ഞങ്ങാട്: പതിനഞ്ചുവയസ്സിനിടെ ചിത്രങ്ങളുടെ മായാ പ്രപഞ്ചം തീർത്ത അപൂർവ്വ ചിത്ര പ്രതിഭ ആദിത്യൻ (15) പനിബാധിച്ച് മരിച്ചു. ചെറിയ പ്രായത്തിനുള്ളിൽ ചിത്രങ്ങൾക്ക് നടുവിൽ വലിയ ലോകം തീർത്ത ഈ പത്താം ക്ലാസ് വിദ്യാർത്ഥി വാരിക്കൂട്ടിയ സമ്മാനങ്ങളെ കുറിച്ച് അറിഞ്ഞാൽ തന്നെ ആരും അത്ഭുതപ്പെട്ടു പോകും. സ്‌കൂളിലേക്ക് കാലെടുത്ത് വയ്ക്കും മുന്നേ വരയുടെ ലോകത്ത് മുഴുകിയ ആദിത്യൻ ആ പ്രായത്തിൽ തന്നെ സമ്മാനങ്ങളും വാരിക്കൂട്ടി. ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും മറ്റു സംസ്ഥാനതല മത്സരത്തിലും സമ്മാനം നേടിയിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആദിത്യന്റെ വിയോഗത്തിൽ തേങ്ങുകയാണ് ഒരു നാടു മുഴുവനും. അത്രമേൽ പ്രിയങ്കരനായിരുന്നു ആദിത്യൻ എന്ന ഈ ചിത്ര പ്രതിഭ.
കൈയിൽ കിട്ടുന്ന കടലാസ് കഷണത്തിലും മുന്നിൽ കാണുന്ന ചുമരിലുമെല്ലാം അവൻ വരച്ചിട്ടു. ഓരോ വരയിലും പുതിയ ആശയവും ആവിഷ്‌കാരവും. കുഞ്ഞുനാളിലേ തുടങ്ങിയതാണ് വരയോടുള്ള ആദിത്യന്റെ അടങ്ങാത്ത ആവേശം. വളർന്നപ്പോൾ വരയും വളർന്നു. വീടു മുഴുവൻ സമ്മാനങ്ങളാൾ നിറഞ്ഞു. ചിത്രങ്ങളുടെ വലിയ ലോകത്തേക്കുള്ള കുതിപ്പിനിടെ അവൻ ചിത്രശലഭത്തെപോലെ പാറിയകന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.
പ്രകൃതിസൗന്ദര്യത്തെ ആവാഹിച്ച മനസ്സും വരയുമായിരുന്നു ആദിത്യന്റേത്. ചിത്രകലാ ക്യാമ്പുകളിൽ മുതിർന്നവർക്കൊപ്പം ഇടംനേടിയ ചിത്രകാരനാണ് ആദിത്യൻ. കഥാകാരൻ അംബികാസുതന്റെ കഥയിലേക്കുവരെ നീണ്ട ചിത്രകാരന്റെ വിരൽസ്പർശം. പതിനഞ്ചുവയസ്സിനുള്ളിൽ ഇത്രയും വരയോ എന്ന ആളുകളുടെ ആശ്ചര്യചോദ്യത്തിനു മുന്നിൽ അകത്തളം നിറയെ ആദിത്യന്റെ ചിത്രങ്ങൾ പുഞ്ചിരിതൂകിനിന്നു. ഒരുമുഖം ഒരിക്കലേ കാണേണ്ടു. ജലച്ചായത്തിലോ പെൻസിൽ ഡ്രോയിങ്ങിലോ ഫാബ്രിക് പെയിന്റിങ്ങിലോ ഏതുമാകട്ടെ, അത് ജീവസ്സുറ്റതാക്കി കടലാസിലേക്ക് പകർത്താൻ ആദിത്യന് അധികസമയം വേണ്ട.
എൽ.പി., യു.പി., ഹൈസ്‌കൂൾ തലങ്ങളിൽ ജില്ലയിലും സംസ്ഥാനത്തുമെത്തി വാരിക്കൂട്ടിയ സമ്മാനശേഖരം. വനംവകുപ്പിന്റെതുൾപ്പടെ സംസ്ഥാനതലത്തിൽ ഒരുപിടി ഒന്നാം സമ്മാനങ്ങൾ. അവൻ ചിത്രങ്ങളെ പ്രണയിച്ചുകൊണ്ടേയിരുന്നുവെന്ന് ഗുരുനാഥൻ വിനോദ് അമ്പലത്തറയുടെ സാക്ഷ്യം. ശില്പിയാകണമെന്നായിരുന്നു ആദിത്യന്റെ ആഗ്രഹം. പത്താംതരത്തിലെ മൂന്ന് പരീക്ഷകൾകൂടി കഴിഞ്ഞാൽ ശില്പകലാലോകത്തേക്ക് പോകുമെന്ന് പറഞ്ഞ് ദൃഢനിശ്ചയമെടുത്തിരുന്നു ഈ കുഞ്ഞുമനസ്സ്. എന്നാൽ ജീവിതത്തിന്റെ നിറം പിടിച്ച സ്വപ്‌നങ്ങൾ ചിറക് വിരിക്കും മുന്നേ അവനെ വിധി തട്ടിയെടുക്കുക ആയിരുന്നു.
പനി പിടിപെട്ടതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. പെട്ടെന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഏതാനും മണിക്കൂറിനകം മരിച്ചു. ആദിത്യന്റെ മരണവിവരമറിഞ്ഞാണ് തിങ്കളാഴ്ച കാഞ്ഞങ്ങാട് ഉണർന്നത്. പത്തുവർഷം മുൻപ് അവന്റെ കൈപിടിച്ച് മത്സരത്തിനുപോയ എൽ.പി. സ്‌കൂൾ അദ്ധ്യാപിക കേട്ടപാതി തളർന്നുവീണു. കരച്ചിലടക്കാതെ സഹപാഠികൾ. ഒരു നാട് മുഴുവനും ആദിത്യന്റെ ഓർമ്മകളിൽ കണ്ണീർ പൊഴിക്കുകയാണ്. ആദിത്യനുള്ള പ്രണാമമായിരുന്നു തിങ്കളാഴ്ച കാസർകോട്ടെ സാമൂഹിക മാധ്യമങ്ങൾ നിറയെ.
കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവർ പി. മണിയുടെയും ആരോഗ്യവകുപ്പിലെ ശുചീകരണത്തൊഴിലാളി നിഷയുടെയും മകനാണ്. ആലാമിപ്പള്ളിയിലെ ക്വാർട്ടേഴ്സിലാണ് താമസം. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: അർജുൻ (തൃശ്ശൂർ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥി), അഭിമന്യു (ഏഴാംതരം വിദ്യാർത്ഥി, മേലാങ്കോട്ട് ഗവ. യു.പി. സ്‌കൂൾ).
ദാരിദ്ര്യം പിടിമുറുക്കിയ കുടുംബത്തിലെ മൂന്ന് ആൺതരികൾ. അർജുൻ, ആദിത്യൻ, അഭിമന്യു. മൂന്നുപേരും ചിത്രംവരയിൽ മിടുക്കരായിരുന്നു. രണ്ടാമനാണ് ആദിത്യൻ. മൂന്നുപേരുടെയും സമ്മാനക്കൂമ്പാരങ്ങൾ അടുക്കിവയ്ക്കാൻപോലും ഇടമില്ലാത്ത ആലാമിപ്പള്ളിയിലെ ഇടുങ്ങിയ ക്വാർട്ടേഴ്സ് മുറിയിലാണ് ഈ കുടുംബത്തിന്റെ താമസം. സർക്കാർ നൽകിയ മൂന്നുസെന്റിൽ ഒരു വീടെന്ന സ്വപ്നം മാതാപിതാക്കളുടെ മനസ്സിൽ ബാക്കിയാണ്.കുടുംബവീട്ടിലായിരുന്നു ശവസംസ്‌കാരച്ചടങ്ങ്.
മറുനാടന് മലയാളി ബ്യൂറോ