തിരുവനന്തപുരം: കത്തോലിക്കാ സഭ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നിമിഷം കാത്ത് ഭാരതീയ കത്തോലിക്കാ സഭ. മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതപ്രവൃത്തി അംഗീകരിച്ചതിനെ തുടർന്നാണ് കന്യാകുമാരി ജില്ലയിലെ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള ഡിക്രി പുറപ്പെടുവിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘത്തിന് 2020 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയിരുന്നു.

ഭാരതീയ കത്തോലിക്കാ സഭ കാത്തിരുന്ന പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകും. റോമിലും ഡൽഹിയിലുമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുക. കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾ 2012ലാണ് ആരംഭിച്ചത്.18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ സൈനിക ഉദ്യോഗസ്ഥനായിരിക്കെ, ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തിതനായ വ്യക്തിയാണ് ദേവസഹായം പിള്ള. മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്ത് ദേവസഹായം പിള്ളയായത്. മതംമാറ്റം കുറ്റമായിക്കണ്ട രാജഭരണം അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് വിശ്വാസം. ആരുവായ്മൊഴിക്കു സമീപം കാറ്റാടിമലയിൽ വച്ചാണ് അദ്ദേഹത്തെ വെടിവെച്ചുകൊന്നത്. റോമൻ കത്തോലിക്കർ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു.

2004ൽ ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്‌നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശ ചെയ്തു. അതിന്റെ നടപടികൾക്ക് 2012ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ രണ്ടിന് ഇദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ, നാഗർകോവിലിൽ അതിന്റെ പ്രഖ്യാപനം നടത്തി.

അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങൾ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ്‌ േദവസഹായം പിള്ളയുടെ ശവകുടീരമുള്ളത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.