വത്തിക്കാൻ സിറ്റി: മലയാളിയായ ഫാ. സിബി മാത്യു പീടികയിൽ പാപ്പുവ ന്യൂഗിനി ബിഷപ്പായി നിയമിതനായി. ശാന്തസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പാപ്പുവ ന്യൂഗിനിയിലെ ഐതാപ്പി രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ നിയമിച്ചത്. ആന്ധ്രയിലെ ഏലുരുവിൽ സ്ഥാപിതമായ ഹെറാൾഡ്‌സ് ഓഫ് ഗുഡ്‌ന്യൂസ് സന്യാസ സഭാംഗമാണ് ഇടുക്കി മേലോരം ഇടവകാംഗമായ ഫാ. സിബി (50). പീടികയിൽ മാത്യു വർക്കിഅന്നക്കുട്ടി ദമ്പതികളുടെ മകനാണ്. 1995 ഫെബ്രുവരി ഒന്നിനു പൗരോഹിത്യമേറ്റു.

പാപ്പുവ ന്യൂഗിനിയിലെ മദാങ് അതിരൂപതയ്ക്കു കീഴിലുള്ള ഐതാപ്പിയുടെ ആറാമത്തെ ബിഷപ്പായാണു ഫാ. സിബി (50) നിയമിതനായത്. ഇതേ രൂപതയിൽ 2013ൽ വികാരി ജനറൽ ആയിരുന്നു. സിറോ മലബാർ സഭയിലാണു ജനിച്ചതെങ്കിലും ലത്തീൻ സഭയിലാണു ബിഷപ്പാകുന്നത്. 1998ൽ ന്യൂഗിനിയിൽ എത്തി. നിലവിൽ വാനിമോ രൂപത വികാരിജനറലാണ്.