കോവിഡ് ബാധിച്ച് അവശ നിലയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ യുവതിയെ മെയിൽ നേഴ്‌സ് പീഡിപ്പിച്ചു. പീഡനത്തിന് പിന്നാലെ നില ഗുരുതരമായ യുവതി സംഭവം ഡോക്ടറോട് വിവരിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങി. ഇക്കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപ്പാലിലാണു ക്രൂരമായ പ്രവൃത്തി അരങ്ങേറിയത്. ഭോപ്പാൽ മെമോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച സെന്ററിലാണു കോവിഡ് രോഗി പീഡനത്തിനിരയായ വിവാദ സംഭവം നടന്നത്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന 43 വയസ്സുകാരിയാണ് മെയിൽ നേഴ്‌സിന്റെ ക്രൂരതയ്ക്ക് ഇരയായത്. തന്റെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കരുതെന്ന് യുവതി ഡോക്ടറിനോടും പിന്നീ്ട് പൊലീസിനോടും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണു സംഭവം പൊലീസിനെ മാത്രം അറിയിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മെയിൽ നഴ്‌സിൽ നിന്നും അനുഭവിച്ച ക്രൂരത ഡോക്ടർമാരോട് വെളിപ്പെടുത്തിയ യുവതി 24 മണിക്കൂറിനകം അന്ത്യശ്വാസം വലിക്കുക ആയിരുന്നു. യുവതിയുടെ ആരോഗ്യ നില മോശമായതോടെ ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെ മെയ്ൽ നഴ്‌സായ സന്തോഷ് അഹിർവാറിനെതിരെ നിഷാത്പുര പൊലീസ് കേസ് എടുത്തു.

24 വയസ്സുണ്ട് പ്രതി സന്തോഷിന്. നേരത്തെ ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിന് ഇയാളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 1984 ൽ ഭോപ്പാലിൽ നടന്ന വിഷവാതക ദുരന്തത്തിലെ ജീവിച്ചിരിക്കുന്ന ഇര കൂടിയാണ് പീഡിപ്പിക്കപ്പെട്ട യുവതി. സംഭവം പുറത്തുവന്നതോടെ, വാതക ദുരന്തത്തിലെ ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷനും പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ടും സർക്കാർ ആശുപത്രികളിലെ ശോചനീയ സ്ഥിതി ചൂണ്ടിക്കാണിച്ചും രംഗത്തുവന്നിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവതിയെ മെയ്ൽ നഴ്‌സ് പീഡിപ്പിച്ച ഒരു സംഭവം കൂടി പുറത്തുവന്നതോടെ പ്രതിഷേധം പുകയുകയാണ്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഡോക്ടർമാർ വീട്ടുകാരോട് പോലും ഇക്കാര്യം വെളിപ്പെടുത്തയിരുന്നില്ല.

സുരക്ഷിതമെന്നു കരുതപ്പെടുന്ന ആശുപത്രികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാതാകുന്നു എന്നതാണു ഗൗരവമേറിയ വസ്തുത. പലപ്പോഴും ഇത്തരം സംഭവങ്ങൾ മൂടിവയ്ക്കാൻ ശ്രമിക്കുന്നതു ഗുണത്തേക്കാൾ ദോഷമാണു ചെയ്യുന്നത്. പ്രതികൾ രക്ഷപ്പെടാനോ, അല്ലെങ്കിൽ അവർക്ക് ലഘുവായ ശിക്ഷകൾ മാത്രം ലഭിക്കുകയോ ചെയ്യുന്നതോടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്. സ്ഥാപനങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് അധികൃതർ ഇത്തരം സംഭവങ്ങൾ രഹസ്യമാക്കിവയ്ക്കുന്നത്. എന്നാൽ, ഇത് ആത്യന്തികമായി പ്രതികൾക്കു ഗുണകരവും ഇരകൾക്കു ദോഷകരവുമാണ്.