- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ തീരാ ദുരിതം തുടരുന്നു; 40 ദിവസമായി കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ നെഞ്ചിടിപ്പേറ്റി മരണ വാർത്തയും: ബംഗാളിൽ കുടുങ്ങിയ ബസിന്റെ ഡ്രൈവറായ നജീബ് കുഴഞ്ഞ് വീണ് മരിച്ചത് തക്ക സമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന്
കൊച്ചി: അതിഥി തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പോയ മലയാളി ബസ് ഡ്രൈവർമാർ ലോക്ഡൗൺ മൂലം 40 ദിവസമായി അവിടെ കുടുങ്ങിക്കിടക്കുകയാണ്. നാട്ടിലത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതിനിടെ ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാർത്തയും പുറത്ത് വന്നിരിക്കുകയാണ്.
അസം-ബംഗാൾ അതിർത്തിയിൽ കേരളത്തിൽ നിന്നു പോയ ഒരു ജീവനക്കാരൻ ഇന്നലെ കുഴഞ്ഞുവീണു മരിച്ചതോടെയാണിത്. ഇതോടെ എങ്ങനെ എങ്കിലും നാട്ടിലെത്താനാവാതെ വീർപ്പു മുട്ടുകയാണ് ആയിലരത്തോളം ബസ് ജീവനക്കാർ. കേരളത്തിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായിപ്പോയ 400 ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്. പ്രാഥമിക ആവശ്യത്തിന് പോലും മതിയായ സൗകര്യമില്ലാതെ വളരെ ദുരിതത്തിലാണ് ഈ ജീവനക്കാർ ഇവിടെ കഴിയുന്നത്.
പെരുമ്പാവൂരിൽനിന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗൺ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ഇതിലുണ്ട്. 400 ബസുകളിലായി വന്ന ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതം നേരിടുന്നത്. ബസുകളും വെറുതേ കിടന്നു നശിക്കുന്നു. ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാൻ സഹായിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാർ പറയുന്നു.
ഏജന്റുമാർ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ തിരികെ വരാൻ തയ്യാറാകുന്നില്ല. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാൽ ലോക്ഡൗൺ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നൽകി ഏജന്റുമാർ മുങ്ങി. ഇപ്പോൾ ഫോണിൽ മാത്രമാണ് ഇവരുമായുള്ള സമ്പർക്കം.
ലോക്ഡൗൺ കഴിയാതെ തിരിച്ചുവരവു സാധ്യമാകാത്ത സ്ഥിതിയാണ്. തൊഴിലാളികൾ ഈ സ്ഥിതിയിൽ യാത്രക്കാരില്ലാതെ ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്‌തെത്തുന്നതു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇന്ധനമടിക്കാൻതന്നെ അര ലക്ഷത്തോളം രൂപ വേണം. ടോൾ മാത്രം 12,000 രൂപയാണ്. ഇതിനു പുറമേ ഓരോ ചെക്‌പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നൽകണം.
പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് (46) ആണ് അസം - ബംഗാൾ അതിർത്തി പ്രദേശമായ അലിപൂരിൽ മരിച്ചത്. മുതുവറയിലെ ജയ്ഗുരു ബസിന്റെ ഡ്രൈവറാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. അസുഖം ബാധിച്ച നജീബിനു തക്കസമയത്തു ചികിത്സ കിട്ടിയില്ലെന്ന് അവിടെനിന്നുള്ളവർ പറയുന്നു.
ഇന്നു രാവിലെ 10ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്നു ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂർ ജുമാ മസ്ജിദിൽ കബറടക്കും. കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: സിനാൻ, റിസ്വാൻ.
മറുനാടന് മലയാളി ബ്യൂറോ