- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമറിയാതെ കുളിമുറിയിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചു; രാവിലെ ഉറുമ്പരിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത് ഭർത്താവ് വിഷ്ണു: 22കാരിയായ രേഷ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചത് കാമുകനുമൊത്ത് ജീവിക്കാൻ: പ്രതിയെ പിടികൂടിയത് ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ
ചാത്തന്നൂർ: പ്രസവിച്ചയുടൻ പൊക്കിൾക്കൊടി പോലും മുറിച്ചു മാറ്റാതെ കുഞ്ഞിനെ റബ്ബർ തോട്ടത്തിലെ കരിയില കുഴിയിൽ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തി പൊലീസ്. ആറു മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത് വിവാഹിതയായ 22കാരിരേഷ്മ എന്ന യുവതിയെ. കാമുകനൊപ്പം പോകുന്നതിന് കുഞ്ഞ് തടസ്സമാകുമെന്ന് മനസ്സിലായതാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിക്കാൻ രേഷ്മയെ പ്രേരിപ്പിച്ചത്. താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവ് പോലും അറിയാതെ രഹസ്യമാക്കി വച്ചിരുന്ന രേഷ്മ പ്രസവിച്ചയുടൻ കുഞ്ഞിന്റെ ശരീരത്തിൽ ഒരു വസ്ത്രം പോലും ധരിപ്പിക്കാതെയാണ് കരിയില കുഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു.
കല്ലുവാതുക്കൽ ഊഴായ്‌ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. രാത്രിയിൽ വീടിനു പുറത്തെ കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ആരുമറിയാതെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചു. മണിക്കൂറുകൾക്കകം കുഞ്ഞു മരിച്ചു. വിഷ്ണു രേഷ്മ ദമ്പതികൾക്ക് 3 വയസ്സുള്ള പെൺകുട്ടിയുണ്ട്. സുന്ദരേശൻപിള്ള സീത ദമ്പതികളുടെ മകളാണു രേഷ്മ. പൊലീസിന് ഏറെ വെല്ലുവിളിയായ സംഭവത്തിൽ സമീപവാസികളുടെ അടക്കം 8 പേരുടെ ഡിഎൻഎ പരിശോധന നടത്തിയാണു യഥാർഥ പ്രതിയെ കുടുക്കിയത്.
രേഷ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിനാണു കേസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്നു കാമുകൻ പറഞ്ഞിരുന്നതിനാൽ വീണ്ടും ഗർഭിണിയായതും പ്രസവിച്ചതും ഇയാളെ അറിയിച്ചിരുന്നില്ല. വിവരം ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും മറച്ചുവച്ചെന്നും പൊലീസ് പറയുന്നു.
ജനുവരി 4നു രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചിൽ കേട്ടെത്തിയ വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല.
പാരിപ്പള്ളി പൊലീസ് കുഞ്ഞിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ