- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷം 33.4 ലക്ഷം രൂപ ശമ്പളം; ബിടെക് കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയായ ലിൻഡ പരീക്ഷ കഴിഞ്ഞാൽ ഉടൻ ജോലിയിൽ കയറും: ഇളം പ്രായത്തിൽ അമേരിക്കയിൽ ഉന്നത ജോലി കരസ്ഥമാക്കിയ മിടുമിടുക്കിക്ക് കയ്യടിച്ച് അദ്ധ്യാപകരം കൂട്ടുകാരും
പത്തനംതിട്ട: പഠനം പൂർത്തിയാക്കും മുന്നേ തന്നെ 33.4 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലിക്ക് കയറി ലിൻഡ എന്ന മിടുമിടുത്തി. എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽനിന്ന് ആദ്യമായി രാജ്യാന്തര പ്ലേസ്‌മെന്റ് നേടിയാണ്. ഏനാത്ത് ഫിലിപ് കോട്ടേജിൽ റവ. എ.ടി.ഫിലിപ്പിന്റെയും സൂസൻ ഫിലിപ്പിന്റെയും മകൾ ലിൻഡ സാറാ ഫിലിപ്പ് കയ്യടി നേടുന്നത്. എടത്വ സ്വദേശി സാവിയോ സിബിയാണ് പ്ലേസ്‌മെന്റ് ലഭിച്ച മറ്റൊരാൾ. സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര തൊഴിലവസരമാണിത്.
യുഎസ് ആസ്ഥാനമായ വിവര സാങ്കേതിക സ്ഥാപനമായ വെർച്യൂസയിലാണ് നിയമനം. വർഷം 33.4 ലക്ഷം രൂപയാണ് (45,000 യുഎസ് ഡോളർ) ശമ്പളം. ആദ്യത്തെ 9 മാസം വിദൂര പരിശീലനത്തിനു ശേഷം അമേരിക്കയിൽ നിയമനം ലഭിക്കും. പരിശീലന കാലയളവിൽ 5 ലക്ഷം രൂപ വാർഷിക ശമ്പളം ലഭിക്കുമെന്നാണ് വിവരം. അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജയാണ് ലിൻഡ. അമേരിക്കൻ ജനതയ്ക്കായി മാറ്റിവച്ചിരിക്കുന്ന ജോലിയാണ് ലിൻഡയെ തേടിയെത്തിയത്.
ചെങ്ങന്നൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ അവസാന വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ലിൻഡ. ലിൻഡയുടെ അവസാന വർഷ ബിടെക് പരീക്ഷ ഇന്നു മുതൽ തുടങ്ങുകയാണ്. പരീക്ഷാ ഫലത്തിനു ശേഷമാകും തുടർന്നുള്ള കമ്പനി പരിശീലനം. ജാവയിലുള്ള നൈപുണ്യം, സാങ്കേതിക പരിജ്ഞാനം ഉൾപ്പടെ 3 ഘട്ടത്തിലുള്ള അഭിമുഖം കടന്നാണ് ലിൻഡ നേട്ടം സ്വന്തമാക്കിയത്. അവസാന പരീക്ഷയിൽ 50% മാർക്കും അടിസ്ഥാന യോഗ്യതയാണ്.
സർവകലാശാലയുടെ ഇൻഡസ്ട്രി അറ്റാച്‌മെന്റ് വിഭാഗം വഴിയാണ് കമ്പനിയിലേക്കുള്ള വാതിൽ തുറന്നത്. അഭിമുഖവും മറ്റു നടപടികളും വെർച്യൂസയും ലിൻഡയും നേരിട്ടായിരുന്നു. റവ.എ.ടി.ഫിലിപ് മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസനത്തിൽ സേവനം ചെയ്യുമ്പോഴാണ് ലിൻഡ ജനിക്കുന്നത്.
സ്ഥലംമാറ്റത്തെ തുടർന്ന് അച്ചനും കുടുംബവും തിരികെ എത്തിയതോടെ ലിൻഡയുടെ പഠനം പൂർണമായും കേരളത്തിൽ തന്നെയായിരുന്നു. ക്രിസ്, കാരളിൻ, റവ. ബ്ലസൺ ഫിലിപ് തോമസ് എന്നിവരാണ് ലിൻഡയുടെ സഹോദരങ്ങൾ. കോതമംഗലം മാർ അത്തനാസിയോസ് കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിയാണ് എടത്വ സ്വദേശി സാവിയോ.