- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
950 ഡോളറിൽ താഴെ വിലയുള്ള സാധനങ്ങൾ കടയിൽ നിന്നും മോഷ്ടിച്ചാൽ കേസെടുക്കാൻ മനസ്സില്ലെന്ന് പൊലീസ്; ദാരിദ്ര്യത്തിനെതിരെ കേസ് പാടില്ലെന്ന നിയമം മുതലെടുത്ത് കടകൾ മുഴുവൻ കൊള്ളയടിച്ച് തെമ്മാടികൾ; കാലിഫോർണീയയിലെ ഒരു നിയമം കച്ചവടക്കാരെ കെട്ടുകെട്ടിക്കുന്ന കഥ
ദാരിദ്യം ഒരു കുറ്റമല്ല എന്നത് തീർച്ചയായും മനുഷ്യത്വം തുളുമ്പി നിൽക്കുന്ന ഒരു മുദ്രാവാക്യം തന്നെയണ്. എന്നാൽ, ഭരണകൂടം അത്തരത്തിൽ മാനവികതയുടെ മുഖമുദ്ര ചാർത്തിയ നിയമങ്ങളുമായെത്തുമ്പോൾ അത് ദുരുപയോഗം ചെയ്യാൻ ഏറെപ്പേരുണ്ടാകുമെന്നതാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ശാപം. നിയമങ്ങൾക്ക് മാനവികതയുടെ സ്പർശനം നൽകാൻ തീരുമാനിച്ച കാലിഫോർണിയൻ അധികൃതരുടെ നടപടിയാണ് ഇപ്പോൾ തിരിച്ചടിക്കുന്നത്.
മനുഷ്യനെ കുറ്റവാളിയാക്കുന്നത് അയാളുടെ സാഹചര്യങ്ങളാണെന്ന് പറയാറുണ്ട്. കുറ്റവാളിയെ ശിക്ഷിക്കുന്നതിനു പകരം അതിന് ഇടയാക്കിയ സാഹചര്യം ഇല്ലാതെയാക്കുവാനാണ് ശ്രമിക്കേണ്ടതെന്നും നാം പറയാറുണ്ട്. ഇത്തരമൊരു സദുദ്ദേശത്തോടു കൂടിയായിരുന്നു 2014-ൽ പ്രൊപ്പോസിഷൻ 47 എന്ന വിവാദ നിയമം പാസ്സാക്കിയത്.
ഈ നിയമമനുസരിച്ച് 950 ഡോളറിൽ താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് വലിയൊരു കുറ്റമല്ല. അത്, ഒരുപക്ഷെ ശിക്ഷ അർഹിക്കുന്ന ഒരു പെരുമാറ്റ ദൂഷ്യം മാത്രമാണ്. അതായത്, ഒരു വ്യക്തി 950 ഡോളറിൽ താഴെ വിലവരുന്ന എന്തെങ്കിലും മോഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലും പൊലീസിന് കാര്യമായ നടപടികൾ ഒന്നുംതന്നെ എടുക്കാൻ കഴിയില്ല. അവർക്ക് പരമാവധി ചെയ്യാൻ കഴിയുന്നത് കോടതിയിൽ ഹാജരാകാനുള്ള ഒരു നോട്ടീസ് നൽകുക എന്നതുമാത്രമാണ്. ഒരുപക്ഷെ പ്രതി കോടതിയിൽ ഹാജരായില്ലെങ്കിൽ, ഒരു വാറന്റും ലഭിച്ചേക്കും.
വിശപ്പകറ്റാൻ ഒരുപിടി അരി മോഷ്ടിച്ചതിന്റെ പേരിൽ കൂട്ടംകൂടി തല്ലിക്കൊല്ലുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്ത മലയാളിക്ക് മനസ്സിലാകാത്ത മനുഷ്യത്വത്തിന്റെ മുഖമായിരുന്നു ഈ നിയമം. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മോഷ്ടാവാകുന്നവനെ നല്ലൊരു മനുഷ്യനാക്കി സമൂഹത്തെ തിരിച്ചേൽപ്പിക്കാനൊരു തന്ത്രം. എന്നാൽ, കുടിലബുദ്ധികൾ ഈ നിയമവും ദുരുപയോഗം ചെയ്യുവാൻ തുടങ്ങിയതോടെ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയാണ്.
കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്‌കോ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വാൾഗ്രീൻസിന്റെ റീടെയിൽ ഷോപ്പിൽ നിന്നും ഒരാൾ സാധനങ്ങൾ മോഷ്ടിക്കുന്നതും, അത് കണ്ടിട്ടും അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ തീർത്തും നിസ്സഹായനായി ആ മനുഷ്യനെ മോഷ്ടിച്ച മുതലുമായി പോകാൻ അനുവദിക്കുന്നതുമായിരുന്നു വീഡിയോ.സദുദ്ദേശത്തോടെ നിർമ്മിച്ച ഒരു നിയമം എങ്ങനെ ദുരുപയോഗംചെയ്യപ്പെടുന്നു എന്നതിന്റെ മകുടോദാഹരണമായിരുന്നു ഈ വീഡിയോ.
സുരക്ഷാ ഉദ്യോഗസ്ഥൻ മോഷ്ടാവിനെ തടഞ്ഞാലും, പിടിച്ചുവച്ചാലും ഒന്നും സംഭവിക്കില്ല. കാരണം അയാൾ മോഷ്ടിച്ചത് 950 ഡോളറിൽ താഴെ വിലവരുന്ന സാധനങ്ങളാണ്. നിലവിലെ നിയമപ്രകാരം അതൊരു കുറ്റവുമല്ല. ഇത്തരത്തിൽ നിയമം ദുരുപയോഗം ചെയ്തുള്ള മോഷണങ്ങൾ പെരുകിയതോടെ നിരവധി കടകളാണ് നഗരത്തിൽ അടച്ചുപോയത്. വാൾഗ്രീൻസിന്റെ തന്നെ പതിനേഴോളം കടകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
മറ്റു പല നഗരങ്ങളിലും നടക്കുന്നതിന്റെ നാലിരട്ടി മോഷണമാണ് സാൻഫ്രാൻസിസ്‌കോയിലെ കടകളിൽ നടക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. മറ്റു നഗരങ്ങളിൽ ചെലവഴിക്കുന്നതിന്റെ ഇരട്ടി തുകയാണ് സാൻഫ്രാൻസിസ്‌കോയിലെ ഷോറൂമുകൾ സംരക്ഷിക്കുവാൻ ചെലവാക്കുന്നതെന്ന് വാൾഗ്രീൻ വക്താവ് പറയുന്നു. എന്നിട്ടും മോഷണത്തിന് കുറവില്ല. ദിവസേനയെന്നോണം മോഷ്ടാക്കൾ സി സി ടി വിയിൽ കുടുങ്ങുന്നുണ്ട്. പക്ഷെ നിയമത്തിനു മുന്നിലെത്തിച്ച് ശിക്ഷവാങ്ങിക്കൊടുക്കാൻ നിവർത്തിയില്ല, വക്താവ് തുടരുന്നു.
ഈ നിയമം ദുരുപയോഗം ചെയ്ത് പണം സമ്പാദിക്കുവാൻ സുസംഘടിതമായ ഒരു സംഘം തന്നെ നഗരത്തിൽ ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിലുള്ള മോഷണങ്ങൾ പെരുകുമ്പോഴും പൊലീസും പ്രോസിക്യുഷനുമ്പരസ്പരം പഴിചാരുകയാണ്. അയഞ്ഞ നിയമം കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുമ്പോൾ നിയമം നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് താത്പര്യം നശിക്കുകയാണ്.
മോഷണങ്ങൾ വർദ്ധിക്കുമ്പോഴും സാൻഫ്രാൻസിസ്‌കോയിൽ റെജിസ്റ്റർ ചെയ്യപ്പെടുന്ന ചെറുമോഷണക്കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2018-ൽ ഇത്തരത്തിലുള്ള കേസുകൾ 4.5 ശതമാനം ഉണ്ടായിരുന്നത് 2020 ആയപ്പോഴേക്കും 2.8 ശതമാനമായി കുറഞ്ഞു. അതേസമയം ന്യുയോർക്ക് പോലുള്ള നഗരങ്ങളിൽ ഇത്തരത്തിലുള്ള മോഷണക്കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയുമാണ്.
മറുനാടന് മലയാളി ബ്യൂറോ