തിരുവല്ല: ഡോ.യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവരെ മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പൊലീത്തമാരായി നിയമിക്കാൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സിനഡ് തീരുമാനിച്ചു. സ്ഥാനാരോഹണ ശുശ്രൂഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാളെ രാവിലെ 9ന് സഭാ ആസ്ഥാനമായ പുലാത്തീനിലെ ചാപ്പലിൽ നടക്കുമെന്ന് സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് അറിയിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും.

കൊട്ടാരക്കര ഭദ്രാസനാധിപനായ ഡോ. യുയാക്കിം മാർ കൂറിലോസ്, 1951 നവംബർ 25ന് ജനിച്ചു. കുന്നംകുളം ആർത്താറ്റ് ഇടവകയിലെ ചീരൻ കുടുംബാംഗമാണ്. 1978 മെയ്‌ 16ന് വൈദികനും 1989 ഡിസംബർ 9ന് എപ്പിസ്‌കോപ്പയുമായി. തിരുവനന്തപുരം ഭദ്രാസനാധിപനായ ജോസഫ് മാർ ബർണബാസ്, 1949 സെപ്റ്റംബർ 8ന് ജനിച്ചു. 1973 ജൂൺ 12 ന് വൈദികനും 1993 ഓഗസ്റ്റ് 31ന് എപ്പിസ്‌കോപ്പയുമായി. കോട്ടയം അഞ്ചേരി ക്രിസ്‌തോസ് ഇടവകയിലെ ഇലയ്ക്കാട്ടുക്കടുപ്പിൽ കുടുംബാംഗമാണ്.