- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മെഡിക്കൽ കോളേജിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം; ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കൾ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതു ചികിത്സപ്പിഴവ് മൂലമെന്നു ബന്ധുക്കൾ. കുട്ടി മരിച്ചതിന് പിന്നാലെ ഡോക്ടർക്കെതിരെ ആശുപത്രി അധികൃതർക്കും ഗാന്ധിനഗർ പൊലീസിലും വീട്ടുകാർ പരാതി നൽകി. ആലപ്പുഴ നീലംപേരൂർ ഈര ഐക്കര സഞ്ജു മോൾ ദീപുമോൻ നമ്പതികളുടെ കുഞ്ഞാണ് ഗർഭത്തിൽ മരിച്ചത്.
കഴിഞ്ഞ 14നാണ് പ്രസവത്തിനായി സഞ്ജു മോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലായിരുന്നു. അതിനാൽ ഉടൻ ശസ്ത്രക്രിയ വേണമെന്നു കാണിച്ച് ഡോക്ടർമാർ ബന്ധുക്കളുടെ അനുമതി എഴുതിവാങ്ങി. എന്നാൽ പിന്നീട് രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലായിട്ടും ശസ്ത്രക്രിയ നടത്തിയില്ല.
18നു രാവിലെ 8.30നു നടത്തിയ പതിവ് പരിശോധനയിലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 12.30നു വീണ്ടും നടത്തിയ പരിശോധനയിൽ കുഞ്ഞിന് അനക്കമില്ലെന്നു ഡോക്ടർമാർ അറിയിച്ചു. തുടർന്നു നടത്തിയ സ്‌കാനിങ്ങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ഇതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും സഞ്ജു മോളെ പ്രസവ മുറിയിലേക്ക് മാറ്റിയില്ല.
19നു ബന്ധുക്കൾ പരാതി പറഞ്ഞതോടെയാണു സഞ്ജു മോളെ ലേബർ റൂമിലേക്കു മാറ്റിയത്. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്നു ചികിത്സിച്ച ഡോക്ടർ ബന്ധുക്കളോട് പറഞ്ഞിട്ടില്ലെന്നു പരാതിയിൽ പറയുന്നു. കുഞ്ഞിനെ പുറത്തെടുക്കാനുള്ള നടപടികളെ കുറിച്ചും ബന്ധുക്കളോട് പറയുന്നില്ല. എന്നാൽ പരാതി വാസ്തവമല്ലെന്നു മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലിസിയാമ്മ ജോസഫ് പറഞ്ഞു. സഞ്ജു മോൾക്ക് 19ന് പ്രസവ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. 18നു രാവിലെ നടത്തിയ പരിശോധന വരെ ഗർഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള പരിശോധനയിലാണ് കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. തുടർന്ന് ഈ വിവരം ബന്ധുക്കളെ അറിയിച്ചു.
സ്‌കാനിങ്ങിൽ കുഞ്ഞ് മരിച്ചതായി ബോധ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ പ്രസവ ശസ്ത്രക്രിയ നടത്തില്ല. പകരം സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് കാത്തിരിക്കാൻ കാരണം. അമ്മയുടെ ഉയർന്ന രക്ത സമ്മർദമാകാം ഗർഭസ്ഥശിശു മരിക്കാൻ കാരണം. നിലവിൽ സഞ്ജു മോൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ഡോ. ലിസിയാമ്മ അറിയിച്ചു.