- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൺപത് ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടും കടബാധ്യത; വീട് വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല: ജോലിക്ക് പോയി മടങ്ങിയ വീട്ടമ്മ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി: സൗമ്യയുടെ മരണം മാനസിക പ്രയാസം മൂലം
കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട്ടമ്മ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അരീപ്പറമ്പ് കുന്നത്തുകുടിയിൽ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് ആറ്റിൽച്ചാടി മരിച്ചത്. ഏറ്റുമാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസിൽ നിന്നു തിരികെ വരുന്ന വഴി കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിന്റെ സമീപത്ത് വണ്ടിയും ബാഗും വെച്ച ശേഷമാണ് മീനച്ചിലാറ്റിലേക്ക് എടുത്ത് ചാടിയത്.
ലക്ഷങ്ങൾളുടെ കടബാധ്യത സൗമ്യയെ മാനസികമായി തകർത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സൗമ്യയുടെ ഭർത്താവിനു നേരത്തേ 80 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചിരുന്നു. ഇവർ ഈ തുക ഉപയോഗിച്ചു പുതിയ വീട് വാങ്ങിയിരുന്നു. പിന്നീട് കുടുംബത്തിനു 15 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു. ഈ കടം എങ്ങനെ വീട്ടുമെന്നത് ഇവരെ അലട്ടിയിരുന്നു.
ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പൊലീസ് കിടങ്ങൂരിലെത്തി. ആറിനു സമീപം സൗമ്യയുടെ ബാഗും സ്‌കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെത്തി.
മാതാപിതാക്കൾ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശ്യം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നു. കൂരോപ്പട ചെമ്പരത്തിമൂട്ടിൽ സൗമ്യ ബോർവെൽ ആൻഡ് വർക്ഷോപ് ഉടമ സുകുമാരന്റെയും ശാന്തമ്മയുടെയും മകളാണ് സൗമ്യ. മകൾ: ലക്ഷ്മി. സംസ്‌കാരം നടത്തി.
മറുനാടന് മലയാളി ബ്യൂറോ