- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കമുണർന്നപ്പോൾ ലയത്തിൽ നിന്നും അമ്മയെ തേടി ഇഷ്ടിക കളത്തിലേക്ക്; റോഡ് മുറിച്ചു കടക്കുമ്പോൾ ഒന്നര വയസ്സുകാരൻ ലോറിയുടെ അടിയിൽപ്പെട്ടു മരിച്ചു: അതി ദാരുണമായി കൊല്ലപ്പെട്ടത് അസം സ്വദേശികളായ ദമ്പതികളുടെ മകൻ
കട്ടപ്പന: ഉറക്കമുണർന്നപ്പോൾ താമസിക്കുന്ന ലയത്തിൽ നിന്നും അമ്മയെ അന്വേഷിച്ച് ഇഷ്ടിക കളത്തിലേക്ക് ഇറങ്ങിയ ഒന്നര വയസ്സുള്ള കുഞ്ഞ് ലോറിയുടെ അടിയിൽപെട്ടു മരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ചേറ്റുകുഴിയിലെ ഇഷ്ടിക നിർമ്മാണ യൂണിറ്റിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം. ലയത്തിൽ നിന്നും ഇറങ്ങിയ കുഞ്ഞ് റോഡ് മുറിച്ചു കടക്കുമ്പോൾ ലോറി കുഞ്ഞിന് മുകളിലൂടെ കയറി ഇറങ്ങുക ആയിരുന്നു.
ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദുലാൽ ഹുസൈന്റെയും ഖദീജ ബീഗത്തിന്റെയും ഏക മകൻ മരുഡ് റാബറിയാണ് അപകടത്തിൽ മരിച്ചത്. രണ്ടു വർഷം മുൻപാണ് ദുലാൽ ഇഷ്ടികക്കളത്തിൽ ജോലിക്കു വന്നത്. നാലുമാസം മുൻപ് നാട്ടിൽപോയി വന്നപ്പോൾ ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുവന്നു. ഇഷ്ടികക്കളത്തിനു സമീപത്തെ തൊഴിലാളി ലയത്തിലാണ് ഇവരുടെ താമസം.
ഖദീജ ഇന്നലെ രാവിലെ എട്ടുമണിയോടെ ജോലിക്കിറങ്ങുമ്പോൾ കുട്ടി ഉറക്കമായിരുന്നു. പിന്നീട് ഉണർന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുള്ള ഇഷ്ടികക്കളത്തിലേക്കു ഓടി. എന്നാൽ കുഞ്ഞ് ഇഷ്ടികയും കയറ്റിപ്പോകുന്ന ലോറിയുടെ അടിയിൽപെടുകയായിരുന്നു. കരച്ചിൽ കേട്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്കും പിൻഭാഗത്തെ ടയറുകൾ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി. ലോറി നിർത്താതെ പോവുകയും ചെയ്തു. പിന്നാലെയെത്തിയ മറ്റൊരു ലോറിയിൽ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ പൊലിഞ്ഞിരുന്നു.
അപകടത്തിന് ഇടയാക്കിയ ലോറിയുടെ ഡ്രൈവർ ചേറ്റുകുഴി കാവിൽ മനോജ് മാത്യുവിനെ (40) വണ്ടന്മേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
മറുനാടന് മലയാളി ബ്യൂറോ