കോട്ടയം: ജീവിതത്തിലെ ചില ഭാഗ്യങ്ങൾ അങ്ങനെയാണ്. നമ്മളെ തേടി എത്തുകയില്ല, നമ്മൾ അത് തേടി കണ്ടെത്തണം. പുതുപ്പള്ളി പേരേപ്പറമ്പിൽ പി.എ.തോമസും ഭാര്യയും തേടി കണ്ടെത്തിയതാണ് ഈ ഭാഗ്യ നിധി. 2019ൽ നടത്തിയ മുംബൈ യാത്രയാണ് ഇരുവരുടേയും ജീവിതം മാറ്റി മറിച്ചത്. മുംബൈ യാത്രയ്ക്ക് ടിക്കറ്റ് എടുക്കാൻ റെയിൽ വേ സ്‌റ്റേഷനിൽ ചെന്നെങ്കിലും ടിക്കറ്റ് കിട്ടിയില്ല. ഇതോടെ പൂനൈയ്ക്ക് ടിക്കറ്റെടുത്ത് അവിടെ നിന്നും മുംബൈയ്ക്ക് പോകാൻ തീരുമാനിച്ചു. മുംബൈക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ നിരാശപ്പെട്ടെങ്കിലും പൂനൈ യാത്ര ഇരുവരുടേയും ജീവിതം മാറ്റി മറിച്ചു.

മക്കളില്ലാതിരുന്ന ഇരുവരുടേയും ജീവിതത്തിലേക്ക് നാലു പെൺമക്കളെ കൊണ്ടു വന്ന ഭാഗ്യ ദിവസമായിരുന്നു അത്. പുണെ സ്റ്റേഷനിൽ നിന്ന് മുംബൈയിലേക്ക് തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേർത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്. തോമസ് അരികിൽ ചെന്ന് സംസാരിക്കാൻ ശ്രമിച്ചു. വളരെ കുറച്ച് സമയത്തെ പരിചയമെ കുട്ടികളുമായി ഉണ്ടായുള്ളൂ എങ്കിലും മനസ്സു കൊണ്ട് അവർ പണ്ടേ പിരിയാൻ പറ്റാത്ത ബന്ധമുള്ളവരായി മാറി.

നാലുദിവസം മുമ്പ് അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുപോയതായിരുന്നു അവരെ. ആ നാലു കുരുന്നുകളെ കണ്ട തോമസിനും നീനയ്ക്കും അവരെ കൈവിട്ടു കളയാൻ തോന്നിയില്ല. രക്തബന്ധമില്ലെങ്കിലും ഹൃദയം കൊണ്ട് അവർ പണ്ടേ ഒന്നായി കഴിഞ്ഞിരുന്നു. ആ കുഞ്ഞുങ്ങൾ ഇന്ന് കോട്ടയത്തെ ഇവരുടെ വീട്ടിലുണ്ട്, തോമസിന്റെയും നീനയുടെയും മക്കളായി. ബന്ധുക്കളുടെയും വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് ഈ നാലു രത്‌നങ്ങളെ തോമസും നീനയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

എയ്‌റ എൽസ തോമസ് (9), ഇരട്ടകളായ ആൻട്രിയ റോസ് തോമസ്, ഏലയ്ൻ സാറാ തോമസ് (8), അലക്‌സാട്രിയ സാറാ തോമസ് (6) എന്നിവർക്കൊപ്പം ഇത് പൊന്നോണമാണ്. ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി ഈ മക്കൾക്കൊപ്പം ആദ്യം ഓണം. പുണെ സ്റ്റേഷനിൽ കണ്ടപ്പോൾത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സിൽ നിറഞ്ഞു. നീനയ്ക്കും സമ്മതം. അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പുണെയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക്. ഇടയ്ക്ക് നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തെ താൽക്കാലിക ഏറ്റെടുക്കൽ നടത്തി.

കുട്ടികളുമായി നാട്ടിലെത്തിയപ്പോൾ ബന്ധുക്കൾക്കിടയിൽ ചില പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. 2019-ൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ദത്തെടുക്കൽ ഈ ജൂലായിൽ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെയാണ് പൂർണമായത്. ഇതിനിടയിലാണ് തോമസിന് കോട്ടയം മെഡിക്കൽ കോളേജിൽ വികസനസമിതിയുടെ കീഴിൽ പി.ആർ.ഒ. ജോലി ലഭിക്കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചു.

മൂത്തകുട്ടി എയ്‌റക്ക് ഹിന്ദി കുറച്ച് അറിയാമെങ്കിലും എല്ലാവരും ഇപ്പോൾ തനിമലയാളികൾ. ഇവർ ഒപ്പംകൂടി അധികം വൈകാതെ തോമസിനും നീനയ്ക്കും ഒരു കുട്ടി പിറന്നിരുന്നു. ഹൃദയപ്രശ്‌നങ്ങളുമായി ആ കുഞ്ഞ് വിടപറഞ്ഞപ്പോൾ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പംനിന്നതും ഈ മക്കളാണ്. രണ്ട് മക്കൾക്കിപ്പുറം ഒരു കുഞ്ഞ് ഉണ്ടായാൽ സാമ്പത്തിക ബാധ്യതയായി കരുതുന്ന സമൂഹത്തിലേക്കാണ് നാലു പെൺമക്കളെ ഈ ദമ്പതികൾ കൈ പിടിച്ചു കയറ്റിയത്.