തിരൂർ: പോക്‌സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യാജ സിദ്ധൻ പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയതന് പിന്നാലെ ഇയാൾ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

പറവണ്ണ ആലിൻചുവട് അമ്പലപ്പറമ്പിൽ നസീറുദ്ദീനെ (47 )യാണ് തിരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. ജിജോവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾ ആറുമാസം മുൻപാണ് ആദ്യം പോക്‌സോ കേസിൽ അറസ്റ്റിലായത്.

പ്രതി പറവണ്ണയിൽ വ്യാജസിദ്ധൻ ചമഞ്ഞു ചികിത്സനടത്തിയിരുന്നു. ഇതിന്റെ മറവിലാണ് പീഡനം അരങ്ങേറിയത്. ഇവിടെ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ മകൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിയതാണ് ആദ്യത്തെ കേസ്. ഇയാൾ ആറ് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സീനിയർ സിവിൽപൊലീസ് ഓഫീസർ ഹരീഷ്, സി.പി.ഒ.മാരായ ഷെറിൻ ജോൺ, അജിത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.