- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറോ മലബാർ സഭ കുർബാനക്രമം ഏകീകരിച്ചു; അങ്കമാലി അതിരൂപത വൈദിക സമിതിയുടെ എതിർപ്പ് തള്ളി; നവംബർ 28 മുതൽ നടപ്പിലാക്കും; ഡൽഹി അന്ധേരി ലിറ്റിൽ ഫ്‌ളവർ ദേവാലയം ഇടിച്ചു നിരത്തിയത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത് എന്നും സിനഡ്
കോട്ടയം: സിറോ മലബാർ സഭയിലെ കുർബാനക്രമം ഏകീകരിച്ചു. ഓൺലൈനായി നടന്ന സിനഡിന്റെ 29-ാം സമ്മേളനത്തിൽ ഐക്യകണ്‌ഠേനയായിരുന്നു തീരുമാനം. ഏകീകരിച്ച കുർബാനക്രമം നവംബർ 28 ഞായറാഴ്ച മുതൽ നടപ്പിലാക്കും. കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. കുർബാന രീതി ഏകീകരിക്കുന്നതിൽ എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി എതിർപ്പുയർത്തിയിരുന്നുവെങ്കിലും ഇത് തള്ളി.
നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കന്മാരും ഏകീകരിച്ച കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച കുർബാന രീതി അടുത്ത ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണം.
ഏകീകരിച്ച കുർബാനരീതി രൂപതയിൽ മുഴുവനായും നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടായാൽ ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും നവംബർ 28നു തന്നെ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു.
സീറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്‌സ് ഫൊറോനാ ദൈവാലയത്തെ ഉയർത്താൻ തീരുമാനിച്ചു. ഡൽഹിയിലെ അന്ധേരി മോദിലുള്ള ലിറ്റിൽ ഫ്‌ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷൻ വാർത്താപോർട്ടൽ (www.syromalabarvision.com) മേജർ ആർച്ച്ബിഷപ് കാർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണതകൾ ചലച്ചിത്രമേഖലയിൽ വർധിച്ചുവരുന്നതിനെ സിനഡ് അ പലപിച്ചു.
മാർ ജേക്കബ് ബാർണബാസിന്റെ മരണത്തിൽ സിനഡ് അനുശോചിച്ചു. കോവിഡു ബാധിച്ചു മരിച്ച മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലിന്റെ സേവനങ്ങളെ അ നുസ്മരിച്ചു. കോവിഡ് നിയന്ത്രണാതീതമായി തുടരുന്നത് ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി.
സർക്കാർ നിർദ്ദേശങ്ങൾ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. കോവിഡുമൂലം ആരും ഒറ്റപ്പെടുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സിനഡ് നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ