- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപയ്ക്ക് മാസം 4,000 മുതൽ 8,000 രൂപ വരെ പലിശ; അപ്പന്റെയും മകന്റെയും വാക്കു വിശ്വസിച്ച ജനങ്ങൾ നിക്ഷേപിച്ചത് 50 കോടിയോളം രൂപ: ഒടുവിൽ സ്ഥിരം പണമിടപാട് ശൈലിയിൽ മുങ്ങലും: ക്രിസ്റ്റൽ ഫിനാൻസ് മാനേജിങ് ഡയറക്ടറും പിതാവും അറസ്റ്റിൽ
തൊടുപുഴ: നിക്ഷേപകരെ കബളിപ്പിച്ച് 50 കോടി രൂപയോളം തട്ടിയെടുത്ത ശേഷം മുങ്ങിയ ക്രിസ്റ്റൽ ഫിനാൻസ് മാനേജിങ് ഡയറക്ടറും പിതാവും അറസ്റ്റിൽ. വണ്ണപ്പുറം ഒടിയപാറ കായപ്ലാക്കൽ അഭിജിത്ത് എസ്. നായർ (28), പിതാവും സ്ഥാപനത്തിന്റെ ഡയറക്ടറുമായ സന്തോഷ് കുമാർ (54) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൂടുതൽ പ്രതികൾ പിടിയിലായേക്കുമെന്നു സൂചന.
നാട്ടുകാരെയടക്കം നിരവധി പേരെ കബളിപ്പിച്ച് തങ്ങളുടെ സ്ഥാപനത്തിൽ 50 ലക്ഷത്തിൽ പരം രൂപ നിക്ഷേപം ഉണ്ടാക്കിയ ശേഷം ഇരുവരും പണവുമായി മുങ്ങുക ആയിരുന്നു. അമിത പലിശ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപകരെ ആകർഷിച്ചതും പണം തട്ടിയെടുത്തതും. പണം നിക്ഷേപിച്ചവർക്ക് ഏതാനും മാസം കൃത്യമായി പലിശ നൽകി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്.
ഇടുക്കി മൂലമറ്റത്ത് ഇവർ നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയ ശേഷം പ്രതികൾ ഒളിവിലായിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് മാസം 4,000 മുതൽ 8,000 രൂപ വരെ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചത്. പലിശ നൽകാതായതിനെത്തുടർന്ന് നിക്ഷേപകർ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോയി. രണ്ടു മാസമായി പ്രതികൾക്കു വേണ്ടി തൊടുപുഴ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
പ്രതികൾ മൂലമറ്റത്ത് സ്വർണക്കട ആരംഭിക്കുമെന്ന് പ്രചരിപ്പിച്ചിരുന്നു. സ്വർണം വാങ്ങുന്നവർക്ക് കൂപ്പൺ നൽകുമെന്നും നറുക്കെടുപ്പിലെ വിജയികൾക്ക് ബൈക്ക് നൽകുമെന്നും വാഗ്ദാനം നൽകി. ഈ ബൈക്ക് സ്ഥാപനത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂർ, വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളിലും പ്രതികൾ പണം തട്ടിച്ചതായി പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ