- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ലൈസൻസിൽ തോക്ക് കൈവശം വച്ചു; ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും; അഞ്ച് കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ; ഇവർ എടിഎമ്മിൽ പണം നിറയ്ക്കുന്ന സുരക്ഷാ ജീവനക്കാർ; വിവരം തേടി മിലിട്ടറി ഇന്റലിജൻസും
തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വച്ചതിന് അഞ്ച് കാശ്മീർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവർ.
ഇവരിൽ നിന്ന് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു.മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിങ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തിൽ എത്തിയതെന്ന് പൊലിസ് പറഞ്ഞു. നീറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. എയർപോർട്ട്, വി എസ്.എസ്.സി , പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിലാണ് ഇവർ വ്യാജ തോക്കുമായി കഴിഞ്ഞത്. സംഭവത്തെക്കുറിച്ച് മിലിട്ടറി ഇന്റലിജന്റസും പൊലീസിൽ നിന്ന് വിവരം തേടി.
എല്ലാവർക്കും 20 നും 25 നും ഇടയിലാണ് പ്രായം. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ഈ മാസം 13 നാണ് കരമന പൊലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇവരുടെ കയ്യിലുള്ള അഞ്ച് ഡബിൾ ബാരൽ തോക്കുകൾക്ക് ലൈസൻസുണ്ടോ എന്നറിയാൻ രജൗരി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവർ തിരുവനന്തപുരത്ത് താമസിച്ചത് വ്യാജ ലൈസൻസുമായാണെന്ന് സ്ഥിരീകരണം കിട്ടി.
ഇതോടെ നിറമൺ കരയിലെ താമസസ്ഥലത്ത് വെച്ച് അഞ്ചുപേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
മറുനാടന് മലയാളി ബ്യൂറോ