കൊച്ചി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ബിന്ദു (38) ആണ് മരിച്ചത്. ഒപ്പം പൊള്ളലേറ്റ പുരുഷ സുഹൃത്ത് ആശുപത്രിയിലാണ്.

ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുൻ (39) എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവർക്കും പൊള്ളലേറ്റത്. ബിന്ദു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ബിന്ദു കോക്കുന്നിൽ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടിൽവച്ചാണ് ഇരുവർക്കും പൊള്ളലേറ്റത്. അടുപ്പിൽനിന്ന് തീ പടർന്നതാണെന്നാണ് ബിന്ദു മൊഴി നൽകിയത്. എന്നാൽ, മിഥുനിനെ ഭീഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാമ്പ് തെളിച്ചപ്പോൾ അബദ്ധത്തിൽ തീ പടർന്നതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മിഥുന്റെ മൊഴിയും ഇങ്ങനെ തന്നെയാണ്. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുൻ പറഞ്ഞിട്ടുള്ളത്. മിഥുനാണ് ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചശേഷം മിഥുൻ മുങ്ങി. ബിന്ദുവിനെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിന്ദുവിന്റെ ഭർത്താവ് ഏതാനും വർഷം മുമ്പ് അപകടത്തിൽ മരിച്ചു. പിന്നീടാണ് മിഥുനുമായി അടുപ്പത്തിലായത്. ബിന്ദുവിന് രണ്ട് മക്കളുണ്ട്. മിഥുന് ഭാര്യയും മക്കളുമുള്ളതാണ്. അങ്കമാലി ടെൽക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്.