പുന്നയൂർക്കുളം: വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങിനാണ് കുന്നത്തൂർമന ഇന്നലെ സാക്ഷിയായത്. വാടാനപ്പള്ളി സ്വദേശികളായ ഷെല്ലി-നിഷ ദമ്പതിമാരുടെ ബീഗിൾ ഇനത്തിൽപ്പെട്ട വളർത്തുനായ കുട്ടാപ്പുവിന്റെയും വധുവായി ഇവർ കണ്ടെത്തിയ ജാൻവിയുടെയും വിവാഹമാണ് ഒരു സാധാരണ വിവാഹത്തിന്റെ ചടങ്ങുകളോടെ നടന്നത്. നിരവധി നായ്ക്കളാണ് ഇവരുടെ വിവാഹത്തിന് സാക്ഷികളായതും.

പട്ടുപാവാടയും മുല്ലപ്പൂവും അണിഞ്ഞ് പൂർണമായും മണവാട്ടിയായാണ് ജാൻവി വിവാഹ വേദിയിൽ എത്തിയത്. സിൽക്ക് ഷർട്ട് ധരിച്ച് വരന്റെ തലയെടുപ്പോടെയാണ് കുട്ടാപ്പു വന്നത്. ആൾക്കൂട്ടത്തെ കണ്ടപ്പോൾ കുട്ടാപ്പു ഒന്ന് ബഹളം വച്ചെങ്കിലും ജാൻവിയുടെ നോട്ടത്തിലും താലോടലിലും ഉഷാറായി. പിന്നെ രണ്ടുപേരും ഒരുമിച്ചു നിന്ന് പ്രണയഭാവത്തിൽ ഫോട്ടോഗ്രാഫർക്ക് പോസ് ചെയ്തു.

ശേഷം ഇരുവരും കതിർമണ്ഡപത്തിൽ കയറി. തന്നെ സ്‌നേഹിക്കുന്നവരെ സാക്ഷിയാക്കി കുട്ടാപ്പു (ആക്‌സിഡ്) ജാൻവിയെ സ്വന്തമാക്കി. കുട്ടാപ്പുവിന്റെ ഉടമയായ ഷെല്ലിയുടെമക്കളായ അർജുൻ, ആകാശ് എന്നിവരുടെയും കൈപിടിച്ചാണ് ഇരുവരും കതിർമണ്ഡപത്തിലേക്ക് കയറിയത്. മുല്ലപ്പൂക്കൾകൊണ്ട് അലങ്കരിച്ച മണ്ഡപത്തിൽ ഇരുവരും താമരമാല ചാർത്തി. അതിനുശേഷം ഇരുവരും ചേർന്ന് കേക്ക് മുറിച്ചു. വിവാഹത്തിന്റെ തനിമയ്ക്ക് ഒട്ടും കുറവ് വന്നില്ല. വരനും വധുവും എല്ലാ ചടങ്ങുകൾക്കും സന്തോഷത്തോടെ പങ്കുകൊണ്ടു.

കുട്ടാപ്പുവിനായി ജാൻവിയെ തിരഞ്ഞെടുത്തത് ഡോഗ് ട്രെയ്‌നറായ സുബീഷ് ഭാസ്‌കറാണ്. വധുവിന്റെ ആളുകളായി വിവിധതരത്തിലുള്ള നായകളുമായാണ് സുബീഷ് വിവാഹത്തിനെത്തിയത്. തുടർന്ന് തന്റെ വിവാഹവിരുന്നിലെ ചിക്കൻ ബിരിയാണിയും ഫ്രൈയും കഴിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷം പങ്കിട്ട് ഇരുവരും വാടാനപ്പള്ളിയിലെ വീട്ടിലേക്ക് യാത്രതിരിച്ചു.