- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൊമേനിയയിലെ ഏറ്റവും വലിയ സമ്പന്നൻ മിലാനിലെ ഓഫീസ് ബ്ലോക്കിൽ വിമാനം ഇടിച്ച് തകർന്ന് മരിച്ചതെങ്ങനെ? ഭാര്യയും മകനും അടക്കം എട്ടുപേരും കൊല്ലപ്പെട്ടു; പൈലറ്റിനു പകരം വിമാനം ഓടിച്ചിരുന്നത് മുതലാളിയെന്ന് റിപ്പോർട്ടുകൾ
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും റൊമേനിയയിലെ അതിസമ്പന്നരിൽ ഒരാളുമായ ഡാൻ പെട്രെസ്‌ക്യൂ ദുരൂഹമായ സാഹചര്യത്തിൽ മിലാനിൽ വെച്ച് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ആറു യാത്രക്കാരും രണ്ട് ജീവനക്കാരുമായി പറന്ന സിംഗിൾ എഞ്ചിൻ വിമാനം സാൻ ഡൊണാറ്റോ മിലാനീസ് നഗരത്തിനടുത്തുള്ള ആൾത്താമസമില്ലാത്ത ഒരു ഇരുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്‌ച്ച ഉച്ചക്ക്‌നടന്ന അപകടത്തിൽ ഒരു കുട്ടിയുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു.
വിമാനത്തിൽ ഉണ്ടായിരുന്നവരിൽ രണ്ടുപേർമാത്രമായിരുന്നു തിരിച്ചറിയൽ രേഖകൾ കൂടെ കരുതിയിരുന്നത്. അതിനാൽ വൈകിട്ടോടെ ഇവരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു എന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും വിദേശികളാണെന്ന് മിലാൻ പ്രോസിക്യുട്ടർ മാധ്യമങ്ങളോട് പറഞ്ഞു. റൊമേനിയയിൽ റെജിസ്റ്റർ ചെയ്ത വിമാനത്തിലെ പൈലറ്റും റൊമേനിയൻ പൗരനാണ്. മരണമടഞ്ഞവരിൽ ഒരാൾ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും റൊമേനിയയിലെ അതിസമ്പന്നരിൽ ഒരാളുമായ ഡാൻ പെട്രെസ്‌ക്യു ആണെന്ന് ഇറ്റാലിയൻ പത്രമായ റായ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.
68 കാരനായ പെട്രെസ്‌ക്യൂവിന് റൊമേനിയയിലും ജർമ്മനിയിലുമായി ഇരട്ടപൗരത്വമുണ്ട്. മാത്രമല്ല, വിമാനം അപകടത്തിൽ പെടുന്ന സമയത്ത് അയാളായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പെട്രെസ്‌ക്യുവിന്റെ മകൻ 30 കാരനായ ഡാൻ സ്റ്റെഫാൻ പെട്രെസ്‌ക്യു, ഭാര്യ എന്നിവരും അപകടത്തിൽ മരിച്ചു. ഒരു കുട്ടിയുൾപ്പടെ അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒലിബിയയിലെ പെട്രെസ്‌ക്യുവിന്റെ വില്ലയിലേക്കുള്ള യാത്രമദ്ധ്യേയാണ് അപകടമുണ്ടായതെന്ന് മറ്റൊരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. അവിടെ പെട്രെസ്‌ക്യുവിന്റെ 95 കാരിയായ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
പെട്രെസ്‌ക്യുവിന്റെ മകൻ കാനഡയിൽ ഒരു ഗവേഷകനായി പ്രവർത്തിക്കുകയാണെന്നും ഒരു സുഹൃത്തിന്റെ മകന്റെ മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടാണ് അയാൾ ഇറ്റലിയിലെത്തിയതെന്നും റൊമേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൈനമോ ബുക്കാറെസ്റ്റ് ഫുട്ബോൾ ക്ലബ്ബിന്റെ ഒരു ഓഹരി ഉടമ കൂടിയായ വോവ കോണുമായി ചേർന്ന് 2015-ൽ ആണ് പെട്രോസ്‌ക്യു ഈ വിമാനം വാങ്ങിയതെന്നും അവർ പറയുന്നു.
മിലാനിലെ ലിനേറ്റ് വിമാനത്താവളത്തിൽ നിന്നും ഒലിബിയയിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകമാണ് അപകടം സംഭവിച്ചത്. ഇതിന്റെ കാരണം എന്താണെന്ന് അധികൃതർ അന്വേഷിക്കുകയാണ്. കെട്ടിടത്തിൽ വിമാനം ഇടിച്ച ഉടനെ കനത്ത തീയും പുകയും ഉണ്ടായി. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളിൽ ചിലതും അഗ്‌നിക്കിരയായി. എന്നാൽ അവയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വിമാനത്തിൽ ഉണ്ടായിരുന്നവരല്ലാതെ ആരും അപകടത്തിൽ മരണമടഞ്ഞിട്ടില്ലെന്ന് അഗ്‌നിശമന സേന സ്ഥിരീകരിച്ചു.
പറന്നുയർന്ന് ഏതാനും നിമിഷങ്ങൾ വിമാനത്തിന്റെ യാത്ര സാധാരണ ഗതിയിലായിരുന്നു എന്നും പിന്നീട് റഡാർ സ്‌ക്രീനിൽ ചില ദുരൂഹതകൾ പ്രത്യക്ഷപ്പെട്ടു എന്നും കൺടോൾ ടവറിൽ ഉണ്ടായിരുന്നവർ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള അപകട മുന്നറിയിപ്പുകളും വിമാനത്തിൽ നിന്നും ലഭിച്ചില്ലെന്നാണ് പ്രോസിക്യുട്ടർ പറയുന്നത്. അപകടത്തിന്റെ കാരണം എന്തെന്ന് അറിയുവാൻ ഇനിയും സമയമെടുക്കുമെന്നും അതിനായി വിശദമായ അന്വേഷണം വേണമെന്നും അധികൃതർ പറയുന്നു.
സെപ്റ്റംബർ 30 ന് ഈ വിമാനം റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും മിലാനിലേക്ക് പറന്നെത്തിയിരുന്നു. ആ യാത്രയിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായതുമില്ല.
മറുനാടന് മലയാളി ബ്യൂറോ