പത്തനംതിട്ട:മോഷണക്കുറ്റത്തിന് ബിരുദാനന്തര ബിരുദധാരിയായ യുവാവ് അറസ്റ്റിൽ. അടൂരിലെ ക്യാമറ ഷോപ്പിൽ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെൻസും 30,000 രൂപയും മോഷടിച്ച കേസിൽ കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയായ ഷിജാസ് ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.

കൂട്ടു പ്രതിയായ അതിഥി തൊഴിലാളിക്കായി അന്വേഷണ സംഘം എറണാകുളത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ സംസ്ഥാനം വിട്ടുപോയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.ബിസിനസുകൾ പൊളിഞ്ഞപ്പോഴാണ് മോഷണത്തിലേക്കു തിരിഞ്ഞതെന്നാണു ബിരുദാനന്തര ബിരുദധാരിയായ ഷിജാസിന്റെ മൊഴി.

ദേശസാൽകൃത ബാങ്കിലെ വായ്പ വിഭാഗത്തിലായിരുന്നു ആദ്യം ജോലി. പിന്നീടു ജോലി രാജിവെച്ച് സുഹൃത്തുക്കളുമായി ചേർന്ന് ധനകാര്യ സ്ഥാപനം ആരംഭിച്ചു. ഇതു പൊളിഞ്ഞതോടെയാണു മോഷണത്തിലേക്കു തിരിഞ്ഞതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോടു പറഞ്ഞത്. വാഹനങ്ങൾ മോഷ്ടിച്ചു കൊണ്ടായിരുന്നു തുടക്കം. പിടിക്കപ്പെട്ടപ്പോൾ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളായി.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഷിജാസിനെതിരെ കേസുണ്ട്. അടൂരിലെ കവർച്ചയ്ക്ക് ഒപ്പമുണ്ടായിരുന്നത് അതിഥി തൊഴിലാളിയാണെന്നാണു പ്രതിയുടെ മൊഴി. കൂട്ടാളിക്കായി അടൂർ പൊലീസ് മുവാറ്റുപുഴയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ഷിജാസുമായി എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ സംസ്ഥാനം വിട്ടു പോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കഴിഞ്ഞ മാസമാണ് അടൂരിലെ ക്യാമറ ഷോപ്പിൽ ഷിജാസും കൂട്ടാളിയും ചേർന്നു മോണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും മറ്റും കേന്ദ്രീകരിച്ച് അടൂർ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഒരാഴ്‌ച്ചയ്ക്കുള്ളിൽ തന്നെ മുഖ്യപ്രതി പിടിയിലായത്.