മലപ്പുറം: ഒരു തരി പൊന്നിന് വേണ്ടി ആളുകളെ കുത്തി മലർത്താനും മടിയില്ലാത്ത കാലത്താണ് ഇന്ന് മലയാളികൾ ജീവിക്കുന്നത്. എന്നാൽ ഒന്നര പവൻ തങ്കക്കൊലുസിന്റെ പത്തരമാറ്റിലും കണ്ണഞ്ചിപ്പോകത്ത സത്യസന്ധതയാണ് നിലമ്പൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹനീഫയുടേത്. തന്റേതല്ലാത്തത് ഒന്നും ഹനീഫയ്ക്ക് വേണ്ട, അത് പൊന്നായാലും പൊന്നിൻ കുടമായാലും.

നാലു വർഷം മുമ്പ് ഓട്ടോയിൽ മറന്നു വെച്ച സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഹനീഫ. ാെന്നര പവന്റെ സ്വർണ കൊലുസ് മറന്നു വെച്ച അൻസ നാലു വർഷങ്ങൾക്ക് ശേഷം അതേ ഓട്ടോയിൽ വീണ്ടും കയറുകയും പഴയ അനുഭവം തുറന്ന് പറയുകയും ചെയ്തതോടെയാണ് ഹനീഫ നിിധി പോലെ സൂക്ഷിച്ചു വെച്ച ആ സ്വർണം തിരികെ നൽകിയത്. കഥ എന്ന് തോന്നുമെങ്കിലും സത്യസന്ധതയുടെ പത്തരമാറ്റ് അനുഭവമാണിത്.

18 വർഷമായി നിലമ്പൂരിൽ ഓട്ടോ ഓടിക്കുകയാണു നിലമ്പൂർ രാമൻകുത്ത് ഹനീഫ. നാലു വർഷം മുൻപ് വാഹനം കഴുകുന്നതിനിടെ പിൻ സീറ്റിനിടയിൽനിന്നു രണ്ടു പാദസരം കിട്ടി. മാസങ്ങളുടെ ഇടവേളയിലാണു സീറ്റ് കഴുകി വൃത്തിയാക്കുന്നത്. അതിനാൽ, കളഞ്ഞുകിട്ടിയ ആഭരണം ഏതു ദിവസമാണു വണ്ടിയിൽ വീണതെന്ന് അറിയാൻ വഴിയില്ലായിരുന്നു. യഥാർഥ ഉടമയെത്തുമെന്ന പ്രതീക്ഷയിൽ ഹനീഫയും കുടുംബവും സ്വർണം സൂക്ഷിച്ചു. ലോക്ഡൗൺ കാലത്ത് നിത്യവൃത്തിവരെ പ്രതിസന്ധിയിലായെങ്കിലും കളഞ്ഞുകിട്ടിയ സ്വർണം നിധിപോലെ സൂക്ഷിച്ചു.

ദിവസങ്ങൾക്കു മുൻപ് രാത്രി എട്ടോടെ നിലമ്പൂർ വീട്ടിച്ചാൽ തിരുത്തിങ്കൽ അബ്ദുല്ലയുടെ ഭാര്യ അൻസ നിലമ്പൂർ ആശുപത്രി റോഡിൽനിന്നു വീട്ടിൽ പോകാനായി ഹനീഫയുടെ ഓട്ടോയിൽ കയറി. യാത്രയ്ക്കിടെ, 4 വർഷം മുൻപ് ഇതുപോലൊരു യാത്രയിൽ മകളുടെ പാദസരം ഓട്ടോയിൽ മറന്ന കഥ അൻസ പറഞ്ഞു. എക്‌സ്‌റേ എടുക്കുന്നതിനായി ഊരിയ പാദസരങ്ങൾ രണ്ടും ചേർത്തു കൊളുത്തിയാണു സൂക്ഷിച്ചിരുന്നതെന്നുകൂടി പറഞ്ഞതോടെ ഹനീഫ ഉറപ്പിച്ചു. അന്നു തന്നെ അബ്ദുല്ലയുടെ വീട്ടിലെത്തി ഹനീഫ സ്വർണം കൈമാറി. ഹസീനയാണു ഹനീഫയുടെ ഭാര്യ. റിഷാൻ, റയാൻ എന്നിവർ മക്കളാണ്.