കോട്ടയം: സെന്റ് മേരീസ് പള്ളിയിലെ രണ്ടു കല്ലറകളായി അവർ ആറു പേർ ഒന്നിച്ചുറങ്ങുന്നു. കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഒട്ടലാങ്കൽ മാർട്ടിൻ , അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരെ രണ്ടു കല്ലറകളിലായാണ് അടക്കിയത്; ആദ്യ കല്ലറയിൽ മാർട്ടിൻ, സിനി, ക്ലാരമ്മ എന്നിവരെയും രണ്ടാമത്തെ കല്ലറയിൽ മക്കൾ മൂന്നു പേരെയും.

കൂട്ടിക്കലുകാർക്ക് ഇനിയും സേവ്യറിനേയും ബേബിയേയും സമാധാനിപ്പിക്കാനായില്ല. കാവാലിയിൽ മരിച്ച ഒട്ടലാങ്കൽ മാർട്ടിന്റെ ഭാര്യ സിനിയുടെ മാതാപിതാക്കളാണ് ഇവർ. പാലക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല പൊട്ടയ്ക്കൽ വീട്ടിൽ സേവ്യറിന്റെയും ബേബിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് സിനി. സനേഷിന്റെയും സജീഷിന്റെയും ഏക പെങ്ങൾ. മൃതദേഹങ്ങൾ ലഭിച്ചതോടെ പാലക്കാട്ടു കൊണ്ടുപോയി സംസ്‌കാരം നടത്താൻ ഇവർ ആഗ്രഹിച്ചിരുന്നു.

എന്നാൽ മൃതദേഹങ്ങൾക്കുണ്ടായ പരുക്കും പാലക്കാട്ടേക്കുള്ള യാത്രയും കണക്കിലെടുത്ത് കാവാലി പള്ളിയിൽത്തന്നെ സംസ്‌കാരം നടത്താൻ തീരുമാനിച്ചു. ഇന്നലെ രാവിലെയാണ് സേവ്യറിനെയും ബേബിയെയും കൂട്ടിക്കലിൽ എത്തിച്ചത്. പള്ളിയിലേക്കു മൃതദേഹം എത്തിച്ചപ്പോഴാണ് ഇവർ കൊച്ചുമക്കളെ അടക്കം അവസാനമായി കണ്ടത്. വിങ്ങിപ്പൊട്ടിയ മാതാപിതാക്കളെ സനേഷും സജീഷും ചേർത്തു പിടിച്ചു. സിനിയുടെ മൃതദേഹത്തിന് അടുത്തെത്തി അവർ പൊട്ടിക്കരഞ്ഞു.

സിനിയുടെ അമ്മൂമ്മ മറിയാമ്മ കഞ്ഞിരപ്പുഴയിലുണ്ട്. അവശതകൾ കാരണം മറിയാമ്മയെ കൊണ്ടുവരാൻ സാധിച്ചില്ല. 4 മാസങ്ങൾക്കു മുൻപ് മാർട്ടിനും സിനിയും കുട്ടികളും കാഞ്ഞിരപ്പുഴയിലെ വീട്ടിലെത്തി എല്ലാവരെയും കണ്ടിരുന്നു. സംസ്‌കാര ശുശ്രൂഷകൾക്ക് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ജോസ് ഒട്ടലാങ്കൽ, ഫാ. മാത്യു അമ്മോട്ട്കുന്നേൽ തുടങ്ങിയവർ സഹകാർമികരായി.

ആ ശരീര ഭാഗം അലന്റേതല്ല

മുണ്ടക്കയം പ്ലാപ്പള്ളിയിൽ ഞായറാഴ്ച കണ്ടെത്തിയ ശരീരഭാഗം ആറ്റുചാലിൽ ജോബിയുടെ മകൻ അലന്റേത് (14) അല്ലെന്നു ബന്ധുക്കൾ അറിയിച്ചു. ഇന്നലെ പ്ലാപ്പള്ളി താളുങ്കൽ മേഖലയിലെ തിരച്ചിലിൽ അലന്റേതെന്നു കരുതുന്ന ശരീരം ലഭിക്കുകയും ചെയ്തു. ഞായറാഴ്ച കണ്ടെടുത്ത കാൽ മുതിർന്നയാളുടേതാണ്. ഇതോടെ ഒരാൾ കൂടി മരിച്ചതായി സംശയം ഉയർന്നിട്ടുണ്ട്. ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കുമെന്നു പൊലീസ് അറിയിച്ചു. ഇടുക്കി കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ കണ്ടെത്താനുണ്ടായിരുന്ന മുഹമ്മദ് റിസാന്റെ (സച്ചു ഷാഹുൽ- 4) മൃതദേഹവും കണ്ടെത്തി.

മുണ്ടക്കയം പ്ലാപ്പള്ളിയിൽനിന്നു കണ്ടെത്തിയ മൃതദേഹത്തിനൊപ്പം ലഭിച്ച കാൽപാദം പരിശോധിച്ച ഫൊറൻസിക് സർജൻ അത് 35 വയസ്സുള്ള യുവാവിന്റേതാണെന്നു കണ്ടെത്തി. ഇതോടെ പോസ്റ്റ്‌മോർട്ടം മാറ്റിവച്ചു. തുടർന്ന്, ബന്ധുക്കളും സേനാംഗങ്ങളും താളുങ്കൽ മേഖലയിൽ നടത്തിയ തിരച്ചിലിൽ സന്ധ്യയോടെ അലന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തുകയായിരുന്നു. അതേസമയം, കൂടുതൽ പേർ മരിച്ചതായി സംശയിക്കുന്നില്ലെന്നും ഇതുവരെ ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

അലൻ ഒരു മാസമായി യൂട്യൂബിൽ തിരഞ്ഞത് പുതിയ പിറന്നാൾ ആഘോഷത്തിനു ചേരുന്ന കേക്കുകളുടെ ചിത്രങ്ങളായിരുന്നു. ഞായറാഴ്ചയായിരുന്നു അലന്റെ 14-ാം പിറന്നാൾ. ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ അലനും ഉൾപ്പെട്ടു. സഹോദരി ആൻ മരിയയുടെ പിറന്നാളിന് കിട്ടിയതു പോലെ സമ്മാനങ്ങളും പോക്കറ്റ് മണിയും തനിക്കും വേണമെന്നായിരുന്നു അലന്റെയും ആഗ്രഹം.