- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിയുതിർത്ത ശേഷം ബാൾഡ്വിൻ ചൊദിച്ചത് ഈ നിറത്തോക്ക് തനിക്ക് എന്തിന് തന്നെന്ന്; അറിയാതെ പറ്റിയ അബദ്ധം എടുത്തത് രണ്ടു കുട്ടികളുടെ അമ്മയായ സിനിമറ്റോഗ്രാഫറുടെ ജീവിതം; ഗ്ലാമറിനു പുറകിൽ പതിയിരിക്കുന്ന അപകടങ്ങൾ കൂടി വരുന്നോ? ഹോളിവുഡിലെ വെടിവെയ്പിനു ശേഷം
കരകയറാനാകാത്ത ഞെട്ടലിലും ദുഃഖത്തിലുമാണ് അലെക് ബാൾഡ്വിൻ. തന്റെ റസ്റ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് അബദ്ധത്തിൽ വെടിയുതിർന്നപ്പോൾ വനിതാ സിനിമറ്റോഗ്രാഫർ അരണമടഞ്ഞത് അദ്ദേഹത്തെ പിടിച്ചുലച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ പൊലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ന്യു മെക്സിക്കോയിലെ സാന്താ ഫെയിൽ വെച്ച് ചൊവ്വാഴ്‌ച്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.50 നാണ് സംഭവമുണ്ടായത്.
ഒരു പ്രോപ് ഗണിൽ നിന്നും അദ്ദേഹം സിംഗിൽ റൗണ്ട് നിറയൊഴിക്കുകയായിരുന്നു. അതാണ് ഹല്യാന ഹച്ചിൻസ് എന്ന 42 കാരിയായ സിനിമറ്റോഗ്രാഫറുടെ ജീവിതം അവസാനിപ്പിച്ചത്. സിനിമയുടെ സംവിധായകൻ 48 കാരനായ ജോയൽ സൂസയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹച്ചിൻസ് ആശുപത്രിയിൽ എത്തുന്നതിനു മുൻപെ മരണമടഞ്ഞു. അത്യാവശ്യ ചികിത്സകൾക്ക് ശേഷം ജൊയൽ വാഴാഴ്‌ച്ച ആശുപത്രി വിട്ടു.
സംഭവത്തിൽ ഷെറീഫിന്റെ ഓഫീസിലേക്ക് ചോദ്യം ചെയ്യുവാൻ ബാൾഡ്-വിനെ കൊണ്ടുപോയിരുന്നെങ്കിലും കേസൊന്നും ചാർജ്ജ് ചെയ്തിട്ടില്ല. സംഭവത്തിൽ മാനസികമായി തളര്ന്നു പൊയ 63 കാരനായ നടൻ സിനിമറ്റൊഗ്രാഫറുടെ കുടുംബാംഗങ്ങളൂമായി ദുഃഖം പങ്കുവയ്ക്കുകയും ചെയ്ഗ്തു. നിറത്തോക്ക് എനിക്കെന്തിന് തന്നു എന്ന് സംഭവത്തിനുശേഷം അദ്ദേഹം അടുത്തുനിന്നവരോട് ചോദിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു നിറത്തോക്ക് കൈകൊണ്ട് തൊട്ടിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഹോളിവുഡ് സിനിമകളുടെ ചിത്രീകരണ വേളകളിൽ യഥാർത്ഥ തോക്കുകൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അത് ബ്ലാങ്ക്സ് കൊണ്ടോ അല്ലെങ്കിൽ ഡമ്മി ബുള്ളറ്റുകൾ കൊണ്ടോ ആയിരിക്കും ലോഡ് ചെയ്തിരിക്കുക. സിനിമാരംഗങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി കൂടുതൽ സാമ്യംതോന്നുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. ഇത്തരത്തിൽ ബ്ലാങ്ക് ആണ് ലോഡ് ചെയ്തിരുന്നതെങ്കിൽ അത് എങ്ങനെ ഹച്ചിൻസിനെ കൊന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അങ്ങനെയല്ലെങ്കിൽ, അതിൽ ബ്ലാങ്കിനു പകരം യഥാർത്ഥ ബുള്ളറ്റുകൾ നിറച്ചത് ആരെന്നും എന്തിനെന്നും ചോദ്യമുയരുന്നുണ്ട്.
വിവാദങ്ങളുടെ കളിക്കൂട്ടുകാരനായ അലെക് ബാൾഡ്വിൻ
സിനിമ സൈറ്റിൽ ഉണ്ടായിരുന്നവരും ദൃക്സാക്ഷികളും ഒരുപോലെ പറയുന്നു ഈ വെടിയുതിർന്നത് അബദ്ധത്തിലായിരുന്നു എന്ന്. എന്നിരുന്നാൽ കൂടി ഒരു ജീവിതകാലം മുഴുവൻ ഒരു മനുഷ്യനെ വേട്ടയാടാൻ മതിയാകുന്നതാണ് ഇത്തരത്തിലൊരു അനുഭവം. അതിന്റെ ഞെട്ടലിൽ നിന്നും ബാൾഡ്വിൻ ഇനിയും പൂർണ്ണമായും മുക്തനായിട്ടില്ല. ഈ ദുരന്തത്തിൽ 63 കാരനായ നടന് പങ്കില്ല എന്നത് വ്യക്തമാണ്. എന്നാൽ, അതിനു മുൻപും നിരവധി തവണ വിവദങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ള ഒരു വ്യക്തിത്വമാണ് ബാൾഡ്വിന്റേത്.
നേരത്തേ അമിതമായി കൊക്കെയ്ൻ കഴിച്ച് സിനിമ സെറ്റിലെത്തി അവിടെ വഴക്കുണ്ടാക്കുകയും കസേരകളും ഫോണുമെല്ലാം വലിച്ചെറിയുകയും ചെയ്തിരുന്നു. അതുപോലെ ഒരിക്കൽ വിമാനത്തിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നത് നിർത്താതിനാൽ വിമാനത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുമുണ്ട്. 2018-ൽവാഹന പോർക് ചെയ്യുന്നത് സംബന്ധിച്ച് ഉണ്ടായ വഴക്കിൽ ഒരാളേ ആക്രമിച്ച് ഗുരുതരമായ പരിക്കുകൾ വരുത്തിയ കേസും ബാൾഡ്വിന്റെ പേരിലുണ്ട്.
പപ്പരാസി ഫോട്ടോഗ്രാഫർമാരുമായി എന്നും കലഹിച്ചിരുന്ന ബാൾഡ്വിൻ ഒരിക്കൽ ഒരു ഫോട്ടോഗ്രാഫറോട് ലൈംഗിക ചുവയോടെ സംസാരിച്ചതും വിവാദമായിരുന്നു. 2013- ൽ കത്തിനിൽക്കുന്ന വിവാദങ്ങൾക്കിടെ നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഞാൻ ഇപ്പോൾ കൂടുതൽ മനുഷ്യവിദ്വേഷിയായി മാറുന്നുണ്ടോ എന്ന തോന്നലാണെന്നാണ്. മുൻ ഭാര്യയുമായി മകളുടെ മേൽ അവകാശം സ്ഥാപിക്കുന്നതിനായി നടത്തിയ കേസിനിടയിലും നിരവധി വിവാദ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
തുടക്കം സാധാരണ നിലയിൽ നിന്ന്
ലോംഗ് ഐലൻഡിൽ ഒരു മുൻ സൈനികന്റെ മൂത്ത മകനായിട്ട് 1958 ലായിരുന്നു ബാൾഡ്വിന്റെ ജനനം. 1980 കളുടെ മദ്ധ്യത്തിൽ സിനിമ എന്ന ആഗ്രഹവുമായി ലോസ് ഏഞ്ചലസിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ, തനിക്ക് വെറും 25 വയസ്സ് മാത്രമുള്ളപ്പോൾ പിതാവ് മരണമടഞ്ഞത് ബാൾഡ്വിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മദ്യത്തെയും മയക്കുമരുന്നിനെയും കൂട്ടുപിടിക്കാൻ തുടങ്ങിയത് അവിടെ നിന്നാണ്. ഏകദേശം രണ്ടു വർഷത്തോളം മദ്യത്തിനും മയക്കുമരുന്നിനും അടിമയായി തുടർന്ന അദ്ദേഹം പിന്നീട് സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
1991-ൽ തന്നോടൊപ്പം ചിത്രത്തിൽ നായികയായി അഭിനയിച്ച കിം ബാസിംഗറിനെയാണ് അദ്ദേഹം പിന്നീട് വിവാഹം കഴിച്ചത്. എന്നാൽ, അവരുടെ ദാമ്പത്യം ഒരിക്കലും സന്തോഷപൂർണ്ണമായ ഒന്നായിരുന്നില്ല. കിം എപ്പോഴും അവരുടെ സ്വന്തം താത്പര്യത്തിനു മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത് എന്ന് ബാൾഡ്വിൻ ആരോപിച്ചിരുന്നു. അഞ്ചു വർഷത്തിനു ശേഷം മകൾ അയർലൻഡ് ജനിച്ചതോടെ വിവാഹബന്ധം പൂർണ്ണമായും തകരുകയായിരുന്നു.
അപകടങ്ങൾക്ക് കുപ്രസിദ്ധിനേടിയ ഹോളിവുഡ്
അനശ്വര നടൻ ജയൻ മരണപ്പെട്ട ഹെലികോപ്റ്റർ അപകടം ഇന്ത്യയിൽ തന്നെ വലിയൊരു ചർച്ചയായിരുന്നു. കാരണം, അത്തരത്തിൽ ഒരു വലിയ അപകടത്തിന്, മലയാള സിനിമ എന്നല്ല, ഇന്ത്യൻ സിനിമതന്നെ സാക്ഷ്യം വഹിച്ചിരുന്നില്ല. ഇപ്പോഴും വൻ അപകടങ്ങൾ സിനിമ സൈറ്റുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിരളമാണ്. എന്നാൽ, ഹോളിവുഡിലെ സ്ഥിതി അതല്ല. വിമാന അപകടങ്ങൾ, സ്ഫോടനങ്ങൽ, സെറ്റ് തകർന്ന് വീഴൽ, തുടങ്ങി നിരവധി അപകടങ്ങളാണ് ഈ ഗ്ലാമറിന്റെ ലോകത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ നടന്ന വെടിവെയ്പിനെ തുടർന്ന് പല പഴയ സംഭവങ്ങളും വീണ്ടും ചർച്ചയാവുകയാണ്. 1984-ൽ ഒരു ടി വി സീരിയലിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ജോൺ എറിക് ഹെക്സം ഇതുപോലെ വെടിയേറ്റു മരിച്ചിരിന്നു. ബ്ലാങ്കുകൾ കൊണ്ട് നിറച്ചിരിക്കുന്ന തോക്കാണെന്നത് ഓർക്കാതെ, ഷൂട്ടിംഗിന്റെ ഇടവേളയിൽ സ്വന്തം തലയിൽ പിടിച്ച് വെടിയുതിർക്കുകയായിരുന്നു അദ്ദേഹം. അതുപോലെ ഒരു ബ്ലാങ്ക് ഫയർ ചെയ്തപ്പോഴായിരുന്നു 1994-ൽ ക്രോ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടൻ ബ്രാൻഡൺ ലീയും കൊല്ലപ്പെട്ടത്.
2018 മാർച്ചിൽ മദർലെസ് ബ്രൂക്ലിൻ എന്ന സിനിമയുടെ സെറ്റിൽ അഗ്‌നിബാധയുണ്ടായതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയുണ്ടായ്ഹി. സിൽവസ്റ്റർ സ്റ്റാലിയോൺ, ബ്രൂസ് വില്ലിസ്, ആർനോൾഡ് ഷൈ്വസ്നാഗർ എന്നിവർ അഭിനയിച്ച എക്സ്പാൻഡബിൾ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണം ബൾഗേറിയയിൽ നടക്കുന്നതിനിടെ റബ്ബർ ബോട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ സ്റ്റണ്ട്മാൻ കെൻ ലൂയി കൊല്ലപ്പെടുകയുണ്ടായി. അതുപോലെ 1982-ൽ ദി ട്വിലൈറ്റ് സോൺ എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ രണ്ടു പിഞ്ചു കുട്ടികളൂം നടൻ വിക് മോറോയും മരണമടഞ്ഞു.
2017-ൽ സ്റ്റണ്ട് വുമൺ ജോയ് ഹാരിസ് മോട്ടോർ ബൈക്ക് അപടകത്തിൽ കൊല്ലപ്പെട്ടതും, മെക്സിക്കൻ ഉൾക്കടലിൽ ഒരു വിമാനത്തിൽ നിന്നും ചിത്രീകരണം നടത്തുന്നതിനിടെ ഏരിയൽ ഫോട്ടോഗ്രാഫർ ജോൺ ജോർഡാൻ വിമാനത്തിൽ നിന്നും തഴെ വീണു മരിച്ചതുമൊക്കെ ഞെട്ടിക്കുന്ന ഓർമ്മകളാണ്. ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത നിരവധി അപകടങ്ങളാണ് ഹോളിവുഡ് ചിത്രീകരണത്തിനിടയിൽ നടന്നിരിക്കുന്നത്. ഇപ്പോൾ ഉണ്ടായ ഈ വെടിവെയ്‌പ്പ് ഒരു വീണ്ടുവിചാരത്തിന് വഴി തെളിയിച്ചേക്കുമെന്ന് രംഗത്തുള്ള ചിലരെങ്കിലും കരുതുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ