തിരുവനന്തപുരം: നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിൽ നഗരത്തിൽ നടപ്പിലാക്കുന്ന സിറ്റി സർക്കുലറിന്റെ രണ്ടാമത്തെ ട്രയൽ റണ്ണും വിജയകരം. 10 മിനിറ്റ്, 15 മിനിറ്റ് ഇടവേളകളിൽ നടത്തിയ രണ്ടാം ട്രയൽ റണ്ണും വിജയകരമായതോടെ തിരക്കുള്ള ദിവസം മൂന്നാമത്തെ ട്രയൽ റൺ നടത്തി നവംബർ രണ്ടാം വാരത്തോടെ സർവ്വീസ് ആരംഭിക്കുവാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ടും ഇടറോഡുകളിൽ നിന്നും വിവിധ നിറത്തിലുള്ള സർക്കുലർ സർവ്വീസുകളാണ് കെഎസ്ആർടിസി വിഭാവനം ചെയ്തിരിക്കുന്നത്.



ബ്ലൂ, റെഡ്, ഓറഞ്ച്, പർപ്പിൾ, ഗ്രീൻ, യെല്ലോ, ബ്രൗൺ എന്നീ നിറങ്ങളിലാണ് ഓരോ സർവ്വീസുകൾ. ചുവപ്പും വെള്ള നിറത്തിലുള്ള ബസുകളാണ് സിറ്റി സർക്കുലർ സർവ്വീസിനായി ഉപയോഗിക്കുന്നത്. ഓരോ റൂട്ടുകളിൽ പ്രത്യേക നിറത്തിലുള്ള സർവ്വീസ് എന്ന് പുറത്ത് പ്രദർശിപ്പിക്കുകയും ആ നിറത്തിലുള്ള സീറ്റുകവറുകളാകും സീറ്റുകളിൽ ഉപയോഗിക്കുക. ( ഉദാ: ബ്ലൂ സർക്കിൾ ബസിന്റെ സീറ്റ് കവർ ബ്ലൂ ആയിരിക്കും, അങ്ങനെ വ്യത്യസ്തമായ സീറ്റു കവറുകൾ) കൃത്യമായ ഇടവേളകളിൽ വ്യത്യസ്ഥമായ റൂട്ടുകളിൽ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിൽ ജനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് അന്തിമ സർവ്വീസ് ക്രമീകരിക്കുക.

ആദ്യഘട്ടത്തിൽ ഏഴ് സർകുലർ റൂട്ടുകളിലാണ് സർവ്വീസ് ആരംഭിക്കുക. തുടർന്ന് 15 റൂട്ടുകളിൽ സർവ്വീസ് നടത്തും.

യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്‌ളോർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 100 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.