ണ്ടു വർഷത്തിനിപ്പുറം ആസ്ട്രേലിയയുടെ ആകാശങ്ങൾ യാത്രക്കാർക്കായി തുറന്നിട്ടപ്പോൾ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടത് വികാരഭരിതമായ നിമിഷങ്ങളായിരുന്നു. ക്വാറന്റൈൻ പൂർണ്ണമായും ഒഴിവാക്കുക്കൊണ്ടുള്ള വിമാനയാത്രകൾ സാധ്യമാകുന്നത് നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷമണ്. ഇന്ന് അതിരാവിലെ കിങ്സ്ഫോർഡ് സ്മിത്ത് വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള അദ്യ വിമാനമിറങ്ങിയപ്പോൾ തന്നെ ഒത്തുചേരലിന്റെ സുന്ദരനിമിഷങ്ങളായിരുന്നു.

വിമാനത്താവളത്തിന്റെ ഗെയ്റ്റിൽ നിന്നും പുറത്തെത്തിയ യാത്രക്കാർ കാത്തുനിൽക്കാനാകാതെ ഓടിയണയുകയായിരുന്നു തങ്ങളെ കാത്തുനിന്ന പ്രിയപ്പെട്ടവരുടെ കൈകളിലേക്ക്. 2020 മാർച്ചിൽ അന്താരാഷ്ട്ര അതിർത്തികൾ അടച്ചതിൽ പിന്നെ 590 ദിവസങ്ങൾക്കിപ്പുറമായിരുന്നു പല കുടുംബങ്ങളും തമ്മിൽ ഒത്തുചേരുന്നത്. അന്താരാഷ്ട്ര യാത്രാ നിയമങ്ങളിൽ വരുത്തിയ മാറ്റമനുസരിച്ച് വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തവർക്ക് ആസ്ട്രേലിയയിൽ എത്തിയാൽ ഹോട്ടലിലോ വീട്ടിലോ ക്വാറന്റൈൻ ആവശ്യമില്ല.

ഇതോടെ വിദേശങ്ങളിൽ അകപ്പെട്ടുപോയ പല ആസ്ട്രേലിയക്കാർക്കും ഈ വർഷത്തെ ക്രിസ്ത്മസ്സ് കുടുംബസമേതം ആഘോഷിക്കുവാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. വിമാനത്താവളം ജീവനക്കാരും യാത്രക്കാർക്ക് ഹൃദ്യമായ സ്വീകരണമൊരുക്കുന്നതിൽ മുന്നിൽ നിന്നു, സ്പെയിനിൽ നിന്നും രണ്ടു വർഷത്തിനു ശേഷം തിരിച്ചെത്തുന്ന മകളേയും കൊച്ചുമകളേയും കാത്ത് വിമാനത്താവളത്തിലെത്തിയ 67 കാരിയായ മുത്തശ്ശി എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.

നിരവധി തവണ വിമാനസർവ്വീസുകൾ റദ്ദായതിനു ശേഷമാണ് അവർക്ക് ആസ്ട്രേലിയയിൽ എത്താൻ കഴിഞ്ഞത്. കാത്തിരിപ്പിനൊടുവിൽ മകളുടെയും കൊച്ചുമകളുടെയും മുഖം ഗെയ്റ്റിൽ തെളിഞ്ഞതോടെ അവർ പൊട്ടിക്കരഞ്ഞു. തിരികെയെത്തുന്നവർ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് ധൃതിയിൽ നടന്നടുക്കുമ്പോൾ തൊട്ടപ്പുറത്ത് ഡിപ്പാർച്ചർ ഗെയ്റ്റിൽ മറ്റൊരു കൂട്ടം യാത്രക്കാർ പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞ് പിരിയുന്നുമുണ്ടായിരുന്നു.

രണ്ടുവർഷമായി കാണാനാകാതെ പോയ പ്രിയ കാമുകന്റെ അടുത്തേക്ക് പറക്കുകയാണ് ആവ എന്ന 27 കാരി. എന്നെങ്കിലും കാണാനാകുമോ എന്ന പ്രതീക്ഷപോലും നശിച്ചുകൊണ്ടിരുന്ന സമയത്താണ് ദൈവാനുഗ്രഹം പോലെ യാത്രാനിയമങ്ങൾ മാറ്റിയതെന്ന് അവർ പറയുന്നു. സിംഗപ്പൂരിലെ കാമുകന്റെ അടുത്തേക്ക് പറക്കുകയാണ് അവർ. ഇത്രയും നീണ്ട ഇടവേള പല ബന്ധങ്ങളേയും തകർത്തുവെങ്കിലും തങ്ങൾ ഇപ്പോഴും പ്രണയബദ്ധരാണെന്നാണ് അവർ പറഞ്ഞത്. തങ്ങളുടെ അദ്യ കണ്മണിയെ രക്ഷകർത്താക്കളെ കാണിക്കാൻ ന്യുയോർക്കിലേക്ക് പറക്കുന്ന ദമ്പതികളും ശ്രദ്ധയാകർഷിച്ചു.