നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ വ്യത്യസ്ത സന്ദർഭങ്ങളിലായി പല അദ്ഭുതങ്ങളും സംഭവിച്ചിട്ടുണ്ടാകും. ദൈവമെന്ന അതീന്ദ്രിയ ശക്തിയിലെ മനുഷ്യന്റെ വിശ്വാസത്തെ പലപ്പോഴും ഊട്ടിയുറപ്പിക്കുന്നത് ഇത്തരം അദ്ഭുതങ്ങളാണ്. അത്തരത്തിലൊരു മഹാ അദ്ഭുതമാണ്ഒരു കൂട്ടം സ്‌കൈ ഡൈവർമാരുടെ ജീവൻ രക്ഷിച്ചത്. ഈ അദ്ഭുത സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

വിമാനത്തിൽ നിന്നും സ്‌കൈ ഡൈവർമാർ ചാടിയ ഉടൻ തന്നെ നിയന്ത്രണം വിട്ട വിമാനം നിലത്തേക്ക് പതിക്കുകയായിരുന്നു. അന്തരീക്ഷത്തിൽ നിരവധി തവണ കരണം മറിഞ്ഞ വിമാനം ആകാശത്തുവെച്ചു തന്നെ അവരെ ഇടിക്കുന്നതിനു തൊട്ടുമുൻപായി അതിന്റെ നിയന്ത്രണം തിരിച്ചെടുത്ത പൈലറ്റ് ഒരു വലിയ അപകടം ഒഴിവാക്കി. ഒക്ടോബർ 14 വ്യാഴാഴ്‌ച്ച ദക്ഷിണാഫ്രിക്കയിലെ മോസില്ബ്/എയിലായിരുന്നു സംഭവം നടന്നത്. വീഡിയോഗ്രാഫറായ ബെർണാഡ് ജാൻസെ വാൻ റെൻസ്ബർഗ് പകർത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഭൂമിയിൽ നിന്നും16,000 അടി ഉയരത്തിൽ വച്ചായിരുന്നു സ്‌കൈ ഡൈവർമാർ വിമാനത്തിൽനിന്നും ചാടിയത്. ഉടനെ അതിന്റെ ഇരട്ട പ്രൊപ്പല്ലറുകൾ സ്തംഭിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വിമാനം അന്തരീക്ഷത്തിൽ കരണം മറിയുവാൻ തുടങ്ങി. നിലത്തേക്ക് പതിച്ചുകൊണ്ടിരുന്ന വിമാനം അന്തരീക്ഷത്തിൽ വച്ചു തന്നെ സ്‌കൈഡൈവർമാരുടെ മേൽ മുട്ടുവാനുള്ള സാഹചര്യം അദ്ഭുതകരമായി ഒഴിവാകുകയായിരുന്നു. അത് സംഭവിക്കുന്നതിനു തൊട്ടുമിൻപായി പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം വീണ്ടും കൈക്കലാക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയുമായിരുന്നു.

പരിശീലനം സിദ്ധിച്ച സ്‌കൈ ഡൈവർമാർക്കൊപ്പം ഉണ്ടായിരുന്ന വീഡിയോഗ്രാഫർ അവർ വിമാനത്തിൽനിന്നും ചാടാൻ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ്ഹിരുന്നു. ഒരു സ്‌കൈ ഡൈവർ വാതിൽ തുറക്കുകയും സംഘാംഗങ്ങളെല്ലാം അവരുടേ സ്ഥാനങ്ങളിൽ തയ്യാറായി നിൽക്കുകയും ചെയ്തു. അല്പ നിമിഷങ്ങൾക്കകം വീഡിയോ ഗ്രാഫർ വിമാനത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങി. ആദ്യം എട്ട് ഡൈവർമാരും വീഡിയോഗ്രാഫറും വിമാനത്തിൽ നിന്നും ചാടുകയായിരുന്നു. അതോടെ വിമാനത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു.

സ്‌കൈഡൈവർമാർ നിലത്തേക്ക് പറന്നിറങ്ങുമ്പോൾ അവരുടെ തൊട്ടുമുകളിലായി നിലത്തേക്ക് പതിക്കുകയായിരുന്നു നിയന്ത്രണം വിട്ട വിമാനവും. ഡൈവർമാരുടെ മേൽ അത് വീഴുമെന്നുതന്നെയാണ് വീഡിയോയിൽ നിന്നും കരുതാനാകുക. എന്നാൽ, അതിശയമെന്ന് പറയട്ടെ വിമാനത്തെ നിയന്ത്രണം പൈലറ്റിന് തിരികെ ലഭിക്കുകയായിരുന്നു. എന്നാൽ അതിനിടയിൽ വിമാനത്തിലുണ്ടായിരുന്ന റെൻസ്ബെർഗിന്റെ ക്യാമറയിൽ നിന്നും ഡൈവേഴ്സ് അപ്രത്യക്ഷമായി. ഏറെ വൈകാതെ തന്നെ കൈകൾ കോർത്ത് വൃത്താകൃതി സൃഷ്ടിച്ച് പറന്നിറങ്ങുന്ന അവർ വീണ്ടും ക്യാമറയിൽ പ്രത്യക്ഷപ്പെട്ടു.

ഒരു വീഡിയോഗ്രാഫർ ഉൾപ്പടെ ഒൻപത് പേരാണ് വിമാനത്തിൽ നിന്നും പുറത്തു ചാടിയത്. അപ്പോഴും അഞ്ച് ഡൈവർമാർ വിമാനത്തിൽതന്നെ ഉണ്ടായിരുന്നതായും റെൻസ്ബർഗ് പറഞ്ഞു.