- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമുക്ക് എത്രയും വേഗം ഇവിടുന്ന് പുറത്തുകടക്കാം': ക്രിസ്റ്റി ഗൈൽസ് അവസാനം അയച്ച സന്ദേശം; ഊബർ വിളിക്കാമെന്ന് കൂട്ടുകാരി കബ്രെയിൽസ്; ഡ്രൈവർ കാത്തുകിടന്നെങ്കിലും ആരും വന്നില്ല; കൊച്ചിയിലെ ഹോട്ടൽ 18 ലെ പോലെ നൈറ്റ് പാർട്ടിക്ക് ശേഷമുള്ള മോഡലിന്റെ മരണം ലോസ് ഏഞ്ചൽസിലും
ലോസ് ഏഞ്ചൽസ്: ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ 18 നും അൻസി കബീർ, അഞ്ജന ഷാജി എന്നീ മോഡലുകളുടെ ദുരൂഹ മരണവും. ബന്ധുക്കളുടെ തീരാവേദനയ്ക്കിടയിൽ, ഓരോ ദിവസവും ഓരോ വാർത്ത വരുന്നു. ഇനിയും ആശയക്കുഴപ്പം തുടരുന്നു. അന്വേഷണവും തുടരുന്നു. ഒരു വീക്ക് എൻഡ് പാർട്ടിക്ക് ശേഷമുള്ള നൈറ്റ് ഡ്രൈവാണ് മോഡലുകൾ അടക്കം മൂന്നു പേരുടെ ജീവനെടുത്തത്. സമാനമായ ഒരു സംഭവം യുഎസിലും നടന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമാനത നൈറ്റ് പാർട്ടികളിൽ പങ്കെടുത്ത ശേഷമാണ് ദുരന്തം ഉണ്ടായത് എന്നതാണ്. കാരണം അൻസിയും, അഞ്ജനയും ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ ഇനിയും വ്യക്തമായ തെളിവില്ല. ലോസ് ഏഞ്ചൽസ് സംഭവം ഇങ്ങനെ:
വീക്ക് എൻഡ് പാർട്ടികളും ആഫ്റ്റർ പാർട്ടികളും എല്ലാം യുഎസിൽ പുതുമയുള്ള സംഭവങ്ങളല്ല. ആഫ്റ്റർ പാർട്ടികളിലെ ലഹരി ഉപയോഗവും പതിവ് കാര്യമായി മാറിയിരിക്കുന്നു. ലോസ് ഏഞ്ചൽസ് കേന്ദ്രമായി ജോലി ചെയ്യുന്ന ഒരു മോഡലിന് സംഭവിച്ച ദുരന്തമാണ് ഇപ്പോൾ അവിടെ സംസാര വിഷയം. ടാബ്ലോയിഡുകളിൽ കഥകൾ നിറയുന്നു. അതെ അതും ഒരു വീക്കെൻഡ് പാർട്ടി ദുരന്തത്തിൽ അവസാനിച്ച കഥയാണ്.
കൂട്ടുകാർക്കൊപ്പം വീക്ക് എൻഡിൽ രാത്രി പാർട്ടിക്ക് ഇറങ്ങിയതായിരുന്നു, 24 കാരിയായ ക്രിസ്റ്റി ഗൈൽസ്. വെള്ളിയാഴ്ച അൽപം ഉല്ലാസത്തിനായി ഇറങ്ങിയ ഗൈൽസിനെ ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കാണപ്പെടുന്നു. കൾവർ സിറ്റിയിലെ സതേൺ കാലിഫോർണിയ ആശുപത്രിക്ക് പുറത്ത് നടപ്പാതയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ട് മണിക്കൂകൾക്ക് ശേഷം ഗൈൽസിന്റെ സുഹൃത്തും ഇന്റീരിയർ ഡിസൈനറുമായ ഹിൽഡ മാർസല കബ്രെയിൽസ് അർസോള(26)യെ വെസ്റ്റ് ലോസ് ഏഞ്ചൽസിലെ കെയ്‌സർ പെർമനന്റെ ആശുപത്രിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കബ്രെയിൽസ് അർസോള ജീവന് വേണ്ടി പോരാടുകയാണ് എന്നാണ് റിപ്പോർട്ട്. ഇവർ വെന്റിലേറ്ററിൽ കഴിയുകയാണ്.
കുട്ടുകാരികൾക്ക് സംഭവിച്ചത് എന്ത്?
ഇരു ചങ്ങാതിമാരും കൂടി ലോസ് ഏഞ്ചൽസിൽ ഒരു റേവ് പാർട്ടിക്കാണ് വെള്ളിയാഴ്ച രാത്രി പോയത്. അവിടെവച്ച് അവർക്ക് ഹോളിവുഡ് ഹിൽസിലെ ഒരു ആഫ്റ്റർ പാർട്ടിയിലേക്ക് ക്ഷണം കിട്ടി. ഒരു പുരുഷനാണ് ഇവരെ ക്ഷണിച്ചത് എന്നാണ് റിപ്പോർട്ട്.
രഹസ്യമായി ലഹരി ഉപയോഗിക്കുന്ന ക്ഷണിക്കപ്പെട്ടവരുടെ സദസാണ് ആഫ്റ്റർ പാർട്ടി. ഗൈൽസിന്റെ ഭർത്താവ് ജാൻ സിലിയേഴ്‌സ് വിശ്വസിക്കുന്നത് ഇരുവർക്കും എന്തോ ചതി പറ്റിയെന്നാണ്. ഭാര്യയുടെ അവസാന ടെക്‌സ്റ്റ് മേസേജുകൾ നേക്കി അദ്ദേഹം പറയുന്നു, എന്തോ കുഴപ്പം ഉണ്ടായി.
ഗൈൽസ് അവസാനം അയച്ച സന്ദേശം കബ്രെയിൽസ് അർസോളയ്ക്കാണ്. നമ്മൾക്ക് ഇവിടുന്ന് പുറത്തുകടക്കാം എത്രയും വേഗം എന്നായിരുന്നു സന്ദേശം. ഒരു വൈഡ് ഐ ഇമോജിയും ഉണ്ടായിരുന്നു. ശരി ഞാൻ ഒരു ഊബർ വിളിക്കാം. 10 മിനിറ്റ് എന്നായിരുന്നു കബ്രെയിൽസിന്റെ മറുപടി.
എന്നാൽ, ഊബർ ഡ്രൈവർ കാത്ത് നിന്നെങ്കിലും പാർട്ടി നടന്ന അപ്പാർട്ട്‌മെന്റിൽ നിന്ന് ആരും പുറത്തേക്ക് വന്നില്ലെന്ന് ഗൈൽസിന്റെ അമ്മ ഡസ്റ്റി ഗൈൽസ് പറഞ്ഞു. പിന്നീട് ഇരുവരുടെയും ഫോണിൽ നിന്ന് സന്ദേശങ്ങളും വന്നില്ല.
ഗൈൽസിനെ ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ച് പോയവർ ലൈസൻസ് പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖം മൂടി ധരിച്ചാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ അക്രമികൾ തന്റെ മകൾക്കും കൂട്ടുകാരിക്കും എന്തോ കടുത്ത ലഹരി മരുന്ന് നൽകിയെന്നും അവരെ 12 മണിക്കൂറോളം അപ്പാർട്ട്‌മെന്റിൽ തടഞ്ഞുവച്ചുവെന്നുമാണ് ഡസ്റ്റി ഗൈൽസ് പറയുന്നത്.
ടോക്‌സിക്കോളജി റിപ്പോർട്ട് പ്രകാരം ഗൈൽസിന്റെ ശരീരത്തിൽ ഹെറോയിന്റെ അംശമുണ്ടായിരുന്നു. എന്നാൽ, യുവതികൾ അത് സ്വമേധയാ ചെയ്യില്ലെന്നും, അവരെ നിർബന്ധിച്ച് കഴിപ്പിച്ചതാണെന്നും ഗൈൽസിന്റെ ഭർത്താവ് സില്ലിയേഴ്‌സ് പറയുന്നു.
പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഗൈൽസ് മരണമടഞ്ഞത് ഹെറോയിന്റെ ഓവർഡോസ് മൂലമാകാം. എന്നാൽ, ലോസ് ഏഞ്ചൽസ് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
യുഎസിൽ എത്തിയത് സമീപകാലത്ത്
ഗൈൽസും കബ്രെയിൽസും അടുത്തിടെയാണ് മെക്‌സികോയിൽ നിന്ന് ലോസ് ഏഞ്ചൽസിൽ എത്തിയത്. ഒരു വെള്ളിയാഴ്ച അവർക്ക് ദുരന്ത വെള്ളിയായി മാറുകയും ചെയ്തു. ഗൈൽസിന്റെ ഭർത്താവ് സില്ലിയേഴ്‌സ് ആ ദിവസം പിതാവിനെ കാണാൻ വേണ്ടി സാൻ ഫ്രാൻസിസ്‌കോയിൽ പോയിരിക്കുകയായിരുന്നു. താനും ഭാര്യയും തമ്മിൽ, എല്ലായ്‌പോഴും ലൊക്കേഷൻ ഷെയർ ചെയ്യാറുണ്ടെന്നും, ഏറ്റവും അവസാനം ഷെയർ ചെയ്ത ലൊക്കേഷൻ വെസ്റ്റ് എൽഎയിലെ അപ്പാർട്ട്‌മെന്റ് ആയിരുന്നു എന്നും സില്ലിയേഴ്‌സ് പറഞ്ഞു.
സിസി ടിവി ദൃശ്യങ്ങൾ പ്രകാരം, ഗൈൽസിനെ ഉപേക്ഷിച്ച് പോയ അതേ കാർ തന്നെയാണ് കബ്രെയിൽസിനെ മറ്റൊരു ആശുപത്രിയിൽ ഉപേക്ഷിക്കുന്നത്. ഗൈൽസിനെ ഉപേക്ഷിച്ച സമയത്ത് മൂന്നു പേരായിരുന്നുവെങ്കിൽ, കബ്രെയിൽസിനെ ഉപേക്ഷിക്കുമ്പോൾ, രണ്ടുപേർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.
മൂന്നാമതൊരു സുഹൃത്ത് കൂടി ഒപ്പം
വെയർഹൗസ് പാർട്ടിയിൽ മൂന്നാമത് ഒരു സുഹൃത്ത് കൂടി യുവതികൾക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ. ഹോളിവുഡ് ഹിൽസിലെ ആഫ്റ്റർ പാർട്ടിയിൽ പങ്കെടുക്കാതെ ഈ സുഹൃത്ത് പിന്മാറുകയായിരുന്നു. ഗൈൽസും, കബ്രെയിൽസും വെയർഹൗസ് പാർട്ടിയിൽ വച്ച് ഒരു സംഘം പുരുഷന്മാരുമായി പരിചയത്തിലായെന്ന് മൂന്നാമത്തെ സുഹൃത്ത് പറഞ്ഞതായി സില്ലിയേഴ്‌സ് മാധ്യമങ്ങളെ അറിയിച്ചു. എല്ലാവരും കൂടി ഒരു കാറിൽ ആഫ്റ്റർ പാർട്ടിക്കായി പുറപ്പെട്ടു. എന്നാൽ, അവിടെ അവർ എത്തിച്ചേർന്നില്ല എന്നാണ് മനസിലാകുന്നത്. അവരുടെ കൂട്ടുകാർ അവർക്കായി ആഫ്റ്റർ പാർട്ടിയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ, എങ്ങനെയാ ഈ പുരുഷന്റെ വീട്ടിൽ എത്തുകയും അവിടെ ദുരന്തം ആരംഭിക്കുകയും ചെയ്തു, സില്ലിയേഴ്‌സ് പറഞ്ഞു.
മരണ കാരണം ദുരൂഹം
ക്രിസ്റ്റി ഗൈൽസിന്റെ ഓട്ടോപ്‌സി പൂർത്തിയായെങ്കിലും മരണകാരണം അറിയാൻ കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അധികൃതർ. ലോസ് ഏഞ്ചൽസ് പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. ബന്ധപ്പെട്ട കൂടുതൽ സംഭവങ്ങൾ ഉണ്ടോ എന്നും തിരയുന്നു.