കോഴിക്കോട്: നിക്ഷേപങ്ങളിൽ തിരിമറി നടത്തി കേരളാ ബാങ്ക് ജീവനക്കാരി തട്ടിയെടുത്തത് 50 ലക്ഷത്തിലേറെ രൂപ. അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയാണ് ജീവനക്കാരി വൻ തട്ടിപ്പു നടത്തിയത്. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പി.ടി.ഉഷാദേവിയാണു ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയത്.

വൻ തട്ടിപ്പ് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ജോലി ചെയ്തിരുന്ന മുൻ ബ്രാഞ്ചുകൾ അടക്കം ബാങ്ക് അധികൃതർ വിശദമായി പരിശോധിച്ച് വരികയാണ്. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണു സംഭവം. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണു മാറ്റിയതെന്നാണു കണ്ടെത്തൽ. സഹപ്രവർത്തകരുടെ കംപ്യൂട്ടർ ലോഗിനും പാസ്‌വേർഡും ഉപയോഗിച്ചാണ് ഇവർ ഇത്രയും വലിയ തട്ടിപ്പു നടത്തിയതെന്നാണു സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറിൽ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവത്രെ.

സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശ ഇനത്തിൽ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇതിനു മുൻപു ജോലി ചെയ്തിരുന്ന മറ്റു ബ്രാഞ്ചുകളിലേക്കും ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു.

ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും ഇവർ 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ഇവർ തട്ടിയെടുത്തെന്നാണു വിവരം. കഴിഞ്ഞ ദിവസം നടന്ന ബാങ്കിലെ ഓഡിറ്റിങ്ങിലാണു തട്ടിപ്പു വിവരം പുറത്തായത്. ഇതിന് പിന്നാലെ ഇവരെ സസ്‌പെൻഡ് ചെയ്യുകയും ഇവർ മുൻപ് ജോലി ചെയ്തിരുന്ന ബ്രാഞ്ചുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.

അതേസമയം സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരി ആയതിനാൽ ബാങ്ക് കാര്യമായ നടപടി എടുക്കാതെ ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന നിലയിൽ പൊലീസിൽ പരാതി നൽകുകയോ കർശന നടപടികൾ എടുക്കുകയോ ചെയ്യാതെ സസ്‌പെൻഷനിൽ മാത്രം ഒതുക്കുകയാണെന്നാണ് ആരോപണം.

എന്നാൽ പ്രശ്‌നം ശ്രദ്ധയിൽപെട്ടതു മുതൽ കർശന നടപടികൾ എടുത്തതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവരെ സഹായിച്ച ജീവനക്കാരുടെ പങ്കും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അതിനാൽ ഗുരുതര അച്ചടക്ക നടപടിക്കായി വിശദമായ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നു കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.