- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ ഒന്നും ചെയ്യരുതേയെന്ന് കരഞ്ഞ് ഇടയ്ക്കു കയറി മരണം ഏറ്റുവാങ്ങി; കൊലപാതക കേസ് കോടതിയിലെത്തിയപ്പോൾ സംഭവം കണ്ടില്ലെന്ന് ദൃക്സാക്ഷിയായ മകനും: പ്രതിക്ക് ജീവപര്യന്തം: മകനെതിരെ സ്വമേധയാ കേസെടുത്ത് കോടതി
ആലപ്പുഴ: അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മ(60) കൊല്ലപ്പെട്ട കേസിൽ കൈനടി അടിച്ചിറയിൽ പ്രദീപ് കുമാറാ(46)നെയാണ് കോടതി ശിക്ഷിച്ചത്. അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യം ചെയ്തതിനാണ് പ്രദീപ് കുമാർ സരസമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ജീവപര്യന്തം തടവിന് പുറമേ വീട്ടിൽ അതിക്രമിച്ച് കയറിയതിന് 447-ാം വകുപ്പ് പ്രകാരം ഒരു മാസം കൂടി കഠിന തടവും അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി(മൂന്ന്) ജഡ്ജി പി.എൻ സീതയാണു ശിക്ഷ വിധിച്ചത്. 2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നുവെന്നും ഇതേത്തുടർന്നുള്ള പകയാണു കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
സംഭവദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി പതിവ് രീതിയിൽ അശ്ലീല ചുവടോയെ സംസാരിക്കാൻ തുടങ്ങി. പ്രദീപിന്റെ സംഭാഷണ രീതിയെ സരസമ്മ എതിർത്തു. ഈ സമയം കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി. വീട്ടിലുണ്ടായിരുന്ന മകൻ തടയാൻ ശ്രമിച്ചപ്പോൾ മകനെ ഒന്നും ചെയ്യരുതേയെന്ന് പറഞ്ഞ് സരസമ്മ ഇടയ്ക്കു കയറുകയും ചെയ്തു.
തുടർന്ന് പ്രദീപിന്റെ വെട്ടേറ്റ് ഗുരുതര പരുക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ന് തന്നെ മരിച്ചു. കൈനടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും നാല് തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത ഹാജരായി. മകൻ കേസിൽ മുഖ്യ സാക്ഷിയായി. എന്നാൽ കേസ് പോകെ പോകെ മകൻ കൂറുമാറി പ്രതിക്ക് അനുകൂല നിലപാട് എടുത്തു. ഇയാൾ സംഭവം കണ്ടില്ലെന്ന് കോടതിയിൽ വിചാരണവേളയിൽ മൊഴിമാറ്റുകയായിരുന്നു. ഇതോടെ മകനടക്കം മൂന്നുപേരും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കൂറുമാറുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകൻ ഓമനക്കുട്ടൻ, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭർതൃസഹോദരൻ കുട്ടപ്പൻ എന്നിവർക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു. കേസിൽ ദൃക്സാക്ഷിയായിരുന്നു ഓമനക്കുട്ടൻ.
മറുനാടന് മലയാളി ബ്യൂറോ