ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവാൺമിയൂർ സബേർബൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ ' തോക്കുചൂണ്ടി കവർച്ച' നടത്തിയെന്ന് കള്ളക്കഥ മെനഞ്ഞ റെയിൽവേ ജീവനക്കാരനും ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ പൊലീസ് ഇടപെട്ടതോടെ ഭാര്യയുമായി ചേർന്ന് റെയിൽവേ ജീവനക്കാരൻ നടത്തിയ തട്ടിപ്പാണെന്ന് തെളിയുക ആയിരുന്നു.

പുലർച്ചെ നാലിനു ടിക്കറ്റ് കൗണ്ടറിലേക്ക് ഇരച്ചെത്തിയ മൂന്നംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു 1.32 ലക്ഷം രൂപ കവർന്നു എന്നായിരുന്നു രാജസ്ഥാൻ സ്വദേശി ടിക്കാറാം മീണയുടെ (28) മൊഴി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കവർച്ച നടന്ന സമയത്ത് ടിക്കാറാമിന്റെ ഭാര്യ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ വഴി പൊലീസ് കണ്ടെത്തിയതാണു വഴിത്തിരിവായത്. ഇരുവരേയും ചോദ്യം ചെയ്തതോടെ സത്യം പുറത്താകുക ആയിരുന്നു.

നേരത്തെ ആസൂത്രണം ചെയ്ത തിരക്കഥ പ്രകാരം സ്റ്റേഷനിലുണ്ടായിരുന്നു 1.32 ലക്ഷം രൂപയടങ്ങിയ ബാഗ് ടിക്കാറാം മീണ ഭാര്യയെ ഏൽപിച്ചു. ശേഷം തന്റെ കൈകൾ ഇരുമ്പു ബെഞ്ചിനോടു ചേർത്തു കെട്ടാനും വായിൽ തുണി തിരുകാനും ഇയാൾ തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പണമടങ്ങിയ ബാഗുമായി സരസ്വതി മടങ്ങി. പണം പൊലീസ് ടിക്കാറാമിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു.

ഓൺലൈൻ റമ്മി കളിച്ചു ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ടിക്കാറാം സുഹൃത്തുക്കളിൽ നിന്നു 2.60 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. ഈ പണവും ഓൺലൈൻ ഗെയിമിൽ നഷ്ടമായി. ഇതു തിരികെ കൊടുക്കാനാണു കവർച്ച ആസൂത്രണം ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.