കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രജ്ഞൻ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടൻ അതിവേഗത്തിൽ ഉണർന്നു പ്രവർത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗർ പൊലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു.

ആശുപത്രിയിൽ നിന്ന് ഇത്രയും ആളുകൾക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പൊലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.

ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിയത്. കുഞ്ഞിന്റെ പ്രായം മൂന്നുദിവസം മാത്രമാണ്. വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകർച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്.

സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാൽ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അൽപം നേരം കഴിഞ്ഞാണ് ഇവർ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്. ഉടൻതന്നെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. അൽപസമയത്തിനകം തന്നെ ആശുപത്രിക്ക് സമീപത്തുനിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തിയെന്നും ഡിഎംഒ വിശദീകരിച്ചു.

നേരത്തെ ഡെന്റിസ്റ്റാണെന്ന് ചമഞ്ഞ് ഡെന്റൽ കോളേജിൽ വേഷപകർച്ച നടത്തിയെത്തിയിരുന്ന സ്ത്രീയാണ് ഈ സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നു. ആ സ്ത്രീ തന്നെയാണ് പ്രതിയെങ്കിൽ അവർക്ക് മാനസികമായി വല്ല പ്രശ്നങ്ങളുണ്ടായേക്കാമെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി സ്വദേശിനിയാണ് പൊലീസ് കസ്റ്റഡിയിലായത്. നഴ്‌സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശി നീതുവാണ് (23) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊലീസിന്റെ സജയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു.

ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎൻ വാസൻ പറഞ്ഞു.

നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിലാണ് കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിയത്. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാതിരുന്നതിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്.