തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം ഉണ്ടാകുമ്പോൾ കൂടുതൽ നിയന്ത്രണം അനിവാര്യം. തിരുവനന്തപുരത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. ലോക്ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് താൽപ്പര്യമില്ല. മരണ നിരക്ക് ഉയരാത്തിടത്തോളം കാലം കോവിഡ് നിയന്ത്രണ വിധേയമാണെന്ന നിലപാടിലാണ് സർക്കാർ. ഇന്ന് മന്ത്രിസഭാ യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണങ്ങളിൽ തീരുമാനം എടുക്കാൻ നാളെ കോവിഡ് അവലോകന യോഗവും ചേരും.

സംസ്ഥാനത്ത് കോവിഡ് പ്രതിദിന സ്ഥിരീകരണ നിരക്ക് (ടിപിആർ) കുതിക്കുകയാണ്. ഇന്നലെ 80,740 സാംപിളുകളുടെ ഫലം വന്നപ്പോൾ 28,481 പേർ പോസിറ്റീവായി. ടിപിആർ 35.27%. പരിശോധനയ്ക്കു വിധേയരായവരിലെ മൂന്നിലൊരാൾക്കു കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇത് ഏതാണ്ട് രണ്ടിലൊരാൾക്ക് എന്ന നിലയാണ് ടിപിആർ 47.8%. ഇത് ആശങ്കപ്പെടുത്തുന്നതാണ്.

സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഉൾപ്പെടെ വിവിധ മേഖലകളെ അവതാളത്തിലാക്കുന്നു. സെക്രട്ടേറിയറ്റിൽ എൺപതോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ കോവിഡ് പിടിയിലായി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം ഭാഗികമാണ്. 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി 23 വരെ അടച്ചു. ചില മന്ത്രിമാരുടെ ഓഫിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

6 ജീവനക്കാർക്ക് കോവിഡ് ആയതിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞയാഴ്ച തന്നെ അടച്ചിരുന്നു. വിവിധ വകുപ്പുകളുടെ ആസ്ഥാനങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ ഒട്ടേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരും ഏറെയാണ്. ണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് സൂചന.

തിരുവനന്തപുരത്ത് മാത്രം 8 സിഐമാർ ഉൾപ്പെടെ നൂറോളം പൊലീസുകാരാണ് കോവിഡ് പിടിയിലായത്. കെഎസ്ആർടിസിയിൽ ഏകദേശം 250 പേരാണ് പോസിറ്റീവായത്. മന്ത്രി വി.ശിവൻകുട്ടി കോവിഡ് പോസിറ്റീവായി. ഐ.ബി.സതീഷ് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്കു സിപിഎം ജില്ലാ സമ്മേളനത്തിനിടെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 63 പേർക്കു കൂടി ഓമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്തു. തൃശൂർ (15), തിരുവനന്തപുരം (14), കൊല്ലം (10), എറണാകുളം (8), മലപ്പുറം (4), ഇടുക്കി (3), പാലക്കാട് (2), പത്തനംതിട്ട (1), കോട്ടയം (1), കോഴിക്കോട് (1) ജില്ലകളിലാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ ഓമിക്രോൺ ബാധിതർ 591 ആയി.

അതിനിടെ വീട്ടിൽ കോവിഡ് ബാധിതരുണ്ടെങ്കിലും 3 മാസത്തിനിടെ കോവിഡ് ബാധിച്ച കുടുംബാംഗങ്ങൾക്കു ക്വാറന്റൈൻ ബാധകമല്ലെന്നു സർക്കാർ അറിയിച്ചു. കോവിഡ് ബാധിതർ റൂം ക്വാറന്റീനിൽ കഴിയുന്നുണ്ടെങ്കിൽ മാത്രമേ ഈ ഇളവുള്ളൂ. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 3 മാസത്തിനിടെ കോവിഡ് ബാധിച്ചവർക്കും ഇതേ വ്യവസ്ഥ ബാധകമാണ്. ഈ ജീവനക്കാർ സ്വയം നിരീക്ഷണത്തിലാണു ജോലി ചെയ്യേണ്ടത്.

ഓഫിസുകളിലും വീടുകളിലും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ 7 ദിവസം ക്വാറന്റീനിൽ കഴിയണം. സമ്പർക്കത്തിലുള്ളവർ ലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. പോസിറ്റീവാണെങ്കിൽ ആ ദിവസം മുതൽ 7 ദിവസം കൂടി ക്വാറന്റൈൻ തുടരണം. ക്വാറന്റീനിൽ കഴിയുന്നവർ വിവരം സമീപത്തെ ആശാ വർക്കർമാരെ അറിയിക്കണം. ക്വാറന്റീനിൽ കഴിയുന്ന ജീവനക്കാർക്ക് ഓഫിസിൽ ഹാജരാക്കാൻ ജാഗ്രതാ പോർട്ടലിൽനിന്നു സർട്ടിഫിക്കറ്റ് ലഭ്യമാകും.

തിരുവനന്തപുരത്ത് അതിതീവ്രം

തിരുവനന്തപുരത്ത് ആശുപത്രികളും കോളേജുകളുമുൾപ്പെടെ 35 കോവിഡ് ക്ലസ്റ്ററുകളായി. ഏഴ് സി.എഫ്.എൽ.ടി.സി.കളും തുറന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചൊവ്വാഴ്ച മാത്രം ജില്ലയിൽ 6911 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സ്ഥിരീകരിച്ചതിൽ ഉയർന്ന കണക്കാണിത്. 10 ദിവസത്തിനുള്ളിൽ 38260 പേർക്കാണ് രോഗബാധയുണ്ടായത്.

നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ, മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുത്ത ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തു. കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂട്ടം കൂടുന്നതുൾപ്പെടെ ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കാനും യോഗം തീരുമാനിച്ചു.

അനാവശ്യ യാത്രകൾ ഒഴിവാക്കണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ടി.പി.ആർ. നിരക്ക് 48 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേയർ ആര്യാ രാജേന്ദ്രൻ, പൊലീസ് കമ്മിഷണർ, റൂറൽ പൊലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.