തിരുവനന്തപുരം: കോവളത്തെ 14 കാരിയെ കൊലപ്പെടുത്തിയ റഫീഖ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റം മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളിൽ അടിച്ചേൽപ്പിക്കാൻ പൊലീസ് നടത്തിയത് ക്രൂരമായ ലോക്കപ്പ് മർദ്ദനമെന്ന് വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മരണത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനായാണ് റഫീഖ ബീവി പെൺകുട്ടിയെ അച്ഛൻ ഉപദ്രവിച്ചിരുന്നു എന്ന് പൊലീസിന് കള്ളമൊഴി നൽകിയത്. ഇത് വിശ്വസിച്ച പൊലീസ് മാതാപിതാക്കളെ പലതരത്തിലുള്ള ക്രൂരപീഡനങ്ങൾക്ക് ഇരയാക്കി കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നു.

ഈ വിവരങ്ങൾ പുറത്തു വന്നിട്ടും തെറ്റു ചെയ്ത പൊലീസുകാർക്കെതിരെ ആരും നടപടി എടുക്കുന്നില്ലെന്നതാണ് വസ്തുത. ഏത് കുറ്റവും ആരുടേയും തലയിൽ കെട്ടിവയ്ക്കുന്ന തലത്തിലേക്ക് പൊലീസ് മാറുന്നതിന് തെളിവാണ് വിഴിഞ്ഞത്തെ പൊലീസ് ക്രൂരത.

കണ്ണില്ലാത്ത മൂന്നാംമുറ

കൊലപാതക കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് സ്വീകരിച്ച ക്രൂരത പെൺകുട്ടിയുടെ ആനന്ദചെട്ടിയാർ ഓർത്തെടുത്തപ്പോൾ കേട്ടു നിന്നവർക്കുപോലും സഹിക്കാനായില്ല. 'ഒരുപാട് തവണ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചു. ഭിത്തിയിൽ ചേർത്തു നിർത്തി കാലിന്റെ വെള്ളയിൽ അടിച്ചു. കുറേ നാൾ പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല.'ആനന്ദചെട്ടിയാർ പറഞ്ഞു. മകളുടെ കൊലപാതകികൾ എന്ന മുദ്ര ചാർത്തപ്പെട്ട ഇവർ കഴിഞ്ഞ ഒരു വർഷം നേരിട്ടത് സമാനതകളില്ലാത്ത സാമൂഹിക ഒറ്റപ്പെടൽ. അയൽക്കാർ അകറ്റി നിർത്തി. ഉള്ള ജോലിയും നഷ്ടപ്പെട്ടു. ബന്ധുക്കളെക്കൂടി പ്രതിചേർക്കുമെന്നു പൊലീസ് പറഞ്ഞപ്പോൾ നിരാലംബരായ ഇവർ, ചെയ്യാത്ത കുറ്റം ഏൽക്കാൻ പോലും തയാറായി.

മക്കളില്ലാത്ത ഇവർ 14 വർഷം മുൻപാണ് പെൺകുട്ടിയെ വളർത്തു മകളായി ജീവിതത്തിലേക്കു കൊണ്ടുവന്നത്. ഇല്ലായ്മകൾ നിറഞ്ഞ ജീവിതത്തിലും അതൊന്നു അറിയിക്കാതെയാണ് 14 കൊല്ലം മകളായി വളർത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി ആനന്ദചെട്ടിയാർക്കും ഭാര്യ ഗീതയ്ക്കും വാർദ്ധക്യകാലത്തിന്റെ പ്രതീക്ഷയായിരുന്നു. നാളത്തെ ജീവിതത്തിന് അവൾ തണലാകുമെന്ന് അവർ സ്വപ്നം കണ്ടു. അപ്രതീക്ഷിതമായി മകൾ കൊലചെയ്യപ്പെട്ടത് അവർക്ക് വലിയ ഷോക്കായി. അതിന് പുറമേ ആയിരുന്നു പ്രിയപ്പെട്ട മകളെ കൊന്നത് അവർ തന്നെയാണെന്ന പൊലീസിന്റെ നിഗമനവും.

പെൺകുട്ടിയെ കൊന്നത് ആനന്ദചെട്ടിയാരും ഗീതയുമാണെന്ന് പറഞ്ഞപ്പോൾ ആദ്യം അയൽക്കാരാരും വിശ്വസിച്ചില്ല. എന്നാൽ പൊലീസ് കുറ്റം ആവർത്തിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തപ്പോൾ നാട്ടുകാരും ബന്ധുക്കളുമെല്ലാം അത് വിശ്വസിച്ചു. ഇപ്പോൾ യഥാർഥ കൊലപാതകികളെ പൊലീസ് തന്നെ കണ്ടെത്തിയപ്പോൾ ഈ രക്ഷിതാക്കൾക്ക് ഇതു രണ്ടാം ജന്മമായി.

കുറ്റം തെളിഞ്ഞത് രണ്ടാം കൊലപാതകത്തിൽ

14 കാരിയെ കൊന്ന റഫീഖ ബീവിയും മകൻ ഷെഫീക്കും ഒരു വർഷത്തിന് ശേഷം ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലാകുന്നത്. പെൺകുട്ടി കൊല്ലപ്പെടുമ്പോൾ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിപിഒ വിജിതയ്ക്ക് റഫീഖയെ കണ്ടപ്പോൾ തോന്നിയ സംശയമാണ് ഒരു വർഷം മുമ്പ് കോവളത്ത് 14 കാരിയെ കൊലപ്പെടുത്തിയതും ഈ അമ്മയും മകനുമാണെന്ന് തെളിയിച്ചത്. പൊലീസിന്റെ ആ കണ്ടെത്തലോടെയാണ് ആനന്ദചെട്ടിയാർക്കും ഭാര്യ ഗീതയ്ക്കും ജീവിതം തിരിച്ചുകിട്ടി.

കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോൾ ഷെഫീക്ക് അയൽവാസിയായ പെൺകുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെൺകുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീഖ കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

നിരപരാധികളെ വേട്ടയാടിയ റഫീഖയുടെ മൊഴി

കോവളത്തെ പെൺകുട്ടിയുടെ കൊലപാതകത്തിൽ വീട്ടുകാരെ സംശയയിക്കാനിടയാക്കിയത് റഫീഖയുടെ മൊഴിയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നെന്നും എന്നും അത് പെൺകുട്ടി റഫീഖയോട് പറഞ്ഞിരുന്നെന്നും റഫീഖ പൊലീസിന് കള്ളമൊഴി നൽകിയിരുന്നു. ആ മൊഴിയാണ് വീട്ടുകാരെ സംശയത്തിലാക്കിയത്. എന്നാൽ റഫീഖയേയും മകനേയും മരിച്ച പെൺകുട്ടിയുടെ വീട്ടുകാർക്കോ അയൽക്കാർക്കോ യാതൊരു സംശയവുമുണ്ടായിരുന്നില്ല. പെൺകുട്ടിക്ക് ഇവരുമായി ഉണ്ടായിരുന്ന ബന്ധത്തെ പറ്റിയും വീട്ടുകാർക്കും അയൽക്കാർക്കും അറിവുണ്ടായിരുന്നില്ലെന്നും വിജിത പറയുന്നു. റഫീഖ നൽകിയ മൊഴി ശരിയായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയത് വളരെ വൈകിയായിരുന്നു. എന്നാൽ അപ്പോഴും റഫീഖയേയും മകനേയും സംശയിക്കാനുള്ള സാഹചര്യമൊന്നും പൊലീസിന് മുന്നിലുണ്ടായിരുന്നില്ല.

അന്നത്തെ അതേ അമ്മയും മകനും സമാനനിലയിൽ മറ്റൊരു അയൽക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി സ്റ്റേഷനിലെത്തിയപ്പോഴാണ് സിപിഒ വിജിതയ്ക്ക് സംശയമുണ്ടാകുന്നത്. ആദ്യം താൻ സംശയിക്കുന്ന ആളുകൾ തന്നെയാണോ ഇവരെന്ന് ഉറപ്പാക്കുകയാണ് വിജിത ചെയ്തത്. ആണെന്ന് മനസിലായപ്പോൾ തന്റെ സംശയങ്ങൾ വിജിത മേലുദ്യോഗസ്ഥരുമായി പങ്കുവച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം വയോധിക കൊല്ലപ്പെട്ട വാടക വീടിന്റെ ഉടമസ്ഥന്റെ മകനും ഇതുസംബന്ധിച്ചുള്ള സൂചന പൊലീസിന് നൽകിയിരുന്നു. റഫീഖയും ഷഫീക്കും തമ്മിൽ വഴക്കുണ്ടായപ്പോൾ 'ഇവൻ കാരണം ഒരു പെണ്ണ് ചത്തു' എന്ന് പറഞ്ഞതായാണ് അയാൾ പൊലീസിന് മൊഴി നൽകിയത്.

വിജിത പെൺകുട്ടിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടാകുമെന്ന് സൂചന അന്വേഷണ സംഘത്തിന് കൈമാറിയതിന് ശേഷം വീട്ടുടമയുടെ മകൻ നൽകിയ മൊഴി കൂടിയായപ്പോൾ കോവളത്തെ കൊലപാതകത്തിന് പിന്നിലും റഫീഖയും മകനും തന്നെയാണെന്ന് അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിക്കുകയായിരുന്നു. രണ്ടിടത്തേയും കൊലപാതകം ഒരേ രീതിയിൽ ആയതും രണ്ടു സ്ഥലത്തും പ്രതികളുടെ സാന്നിധ്യവുമാണ് സംശയത്തിനിടയാക്കിയതെന്ന് വിജിത പറയുന്നു. ഈ വെളിപ്പെടുത്തലോടെ രക്ഷപ്പെട്ടത് കുറ്റാരോപിതരായി തീ തിന്ന കുട്ടിയുടെ മാതാപിതാക്കളാണ്.