- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഐസി ഏജന്റായി പിരിച്ചെടുത്ത പണം ചിട്ടി കമ്പനിയിൽ നിക്ഷേപിച്ചു; വീടും സ്ഥലവും വിൽപനയ്ക്കായി പരസ്യപ്പെടുത്തി കോടികൾ അഡ്വാൻസായി വാങ്ങി: നാട്ടുകാരുടെ അഞ്ച് കോടിയുമായി മുങ്ങിയ ആൾ 14 വർഷത്തിന് ശേഷം പിടിയിൽ
പാലാ: ചിട്ടിക്കമ്പനി നടത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ എൽഐസി ഏജന്റ് 14 വർഷങ്ങൾക്കുശേഷം അറസ്റ്റിലായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന നെച്ചിപ്പുഴൂർ മണ്ഡപത്തിൽ പി.കെ.മോഹൻദാസ് (58) ആണ് ന്യൂഡൽഹിയിലെ രോഹിണിയിൽ നിന്നു പിടിയിലായത്.
പാലായിലെ എൽഐസി ഏജന്റ് ആയിരുന്നു മോഹൻദാസ്. നിരവധി ആലുകൾ ഇയാളെ അടക്കാൻ ഏൽപ്പിച്ച പോളിസി തുക അടയ്ക്കാതെ ഇയാളുടെ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചു. കൂടാതെ വീടും സ്ഥലവും വിൽപനയ്ക്കായി പരസ്യപ്പെടുത്തി പലരുമായും കരാറുണ്ടാക്കി കോടികൾ അഡ്വാൻസായി വാങ്ങുകയും ചെയ്തു. 2008ലാണ് സംഭവം. തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ ജനങ്ങൾ പൊലീസിൽ പരാതി നൽകി. 15ഓളം കേസുകളാണ് അന്ന് മോഹൻദാസിനെതിരെ രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് മോഹൻദാസിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ നിന്നു ജാമ്യം നേടിയ മോഹൻദാസ് ഭാര്യയോടും മക്കളോടുമൊപ്പം ഒളിവിൽ പോവുകയും ചെയ്തു.
നാടടച്ച് പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മോഹൻദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചു. എന്നാൽ പഞ്ചാബിൽ എത്തിയ മോഹൻദാസും ഭാര്യയും 3 വർഷത്തോളം ലുധിയാനയിൽ അദ്ധ്യാപകരായി ജോലി ചെയ്തു. പിന്നീട് 2 വർഷം മോഹൻദാസ് അവിടെയുള്ള അമ്പലത്തിലും ജോലി ചെയ്തു. ലുധിയാനയിൽ വാടകയ്ക്കു താമസിച്ചിരുന്ന വിലാസത്തിൽ ആധാർ കാർഡും സ്വന്തമാക്കി.
2013 ൽ മോഹൻദാസിനെ അന്വേഷിച്ച് പൊലീസ് പഞ്ചാബിൽ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമറിഞ്ഞ് മോഹൻദാസ് ന്യൂഡൽഹിയിലേക്കു കുടുംബസമേതം താമസം മാറ്റുകയും പിറവം സ്വദേശി എന്നു തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രത്തിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 3 മാസം മുൻപ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി ഷാജു ജോസ് പുതിയ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭ്യാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്കു താമസം മാറ്റിയെന്നു മനസ്സിലാക്കി. കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളുകൾ പരിശോധിച്ച് ന്യൂഡൽഹിയിലെ ഒരു ക്ഷേത്രത്തിലെ നമ്പറിൽ നിന്ന് ഭാര്യയ്ക്കും മക്കൾക്കും ഇടയ്ക്കിടെ കോളുകൾ വരുന്നതു പൊലീസ് കണ്ടെത്തി. 8 വർഷമായി മോഹൻദാസ് ന്യൂഡൽഹിയിലെ രോഹിണിയിൽ അമ്പലത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നുവെന്നു കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്എച്ച്ഒ കെ.പി.തോംസൺ, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സി.രഞ്ജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ