ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബേദർ എം ശ്രീജിത്തിന് ശൗര്യചക്ര. ശ്രീജിത്ത് ഉൾപ്പടെ പന്ത്രണ്ട് സേന അംഗങ്ങൾക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരിക്കുക. ടോക്കിയോ ഒളിമ്പിക്‌സിലെ നേട്ടത്തിന് സുബേദാർ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും. ജാവലിൻ ത്രോയിലാണ് താരം രാജ്യത്തിനായി സ്വർണമെഡൽ നേടിയത്.

മരണാന്തരബഹുമതിയായി ഒമ്പത് പേർക്ക് അടക്കം പന്ത്രണ്ട് ജവാന്മാർക്കാണ് ശൗര്യചക്ര. കരസേനയിൽ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേർ സിആർപിഎഫ് ജവാന്മാരാണ്. കഴിഞ്ഞ വർഷം ജൂലായ് എട്ടിനാണ് രജൗരിയിലെ നിയന്ത്രണരേഖയിൽ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികർ തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ശ്രീജീത്തിനൊപ്പം വീരമൃത്യു വരിച്ച സിപായി എം. ജസ്വന്ത് റെഡ്ഢിക്കും ശൗര്യചക്ര നൽകി ആദരിക്കും. 

കഴിഞ്ഞ വർഷം ജൂലായ് എട്ടിന് രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാക്കിസ്ഥാൻ അതിർത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ മയൂരത്തിൽ നായിബ് സുബേദാർ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.

എം. ശ്രീജിത്തിന് പുറമേ ഹവിൽദാർ അനിൽകുമാർ തോമർ, ഹവിൽദാർ കാശിറായ് ബമ്മനല്ലി, ഹവിൽദാർ പിങ്കു കുമാർ, ശിപായി ജസ്വന്ത് കുമാർ, റൈഫിൾമാർ രാകേഷ് ശർമ്മ എന്നീ സൈനികരേയും ശൗര്യചക്ര നൽകി ആദരിക്കും. ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാർ, പൂർണാനന്ദ്, കുൽദീപ് കുമാർ എന്നീ സിആർപിഎഫ് ജവാന്മേരേയും ശൗര്യചക്ര നൽകി ആദരിക്കും.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ 384 പ്രതിരോധ ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധീരതാ അവാർഡുകൾ സമ്മാനിക്കും. ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡ് ദാനം നടക്കുക. 12 ശൗര്യചക്ര, 29 പരം വിശിഷ്ട സേവാ മെഡൽ, നാല് ഉത്തം യുദ്ധ് സേവാ മെഡൽ, 53 അതി വിശിഷ്ട സേവാ മെഡൽ, 13 യുദ്ധ് സേവാ മെഡൽ എന്നിവയും ഇന്ന് സമ്മാനിക്കും.

ഉത്തം സേവാ മെഡലിന് രണ്ട് മലയാളികൾ അർഹരായി. ലെഫ്റ്റനന്റ് ജനറൽ ജോൺസൺ പി മാത്യു, ലെഫ്റ്റനന്റ് ജനറൽ പി.ഗോപാലകൃഷ്ണമേനോൻ എന്നിവർക്കാണ് ഉത്തം സേവ മെഡൽ ലഭിക്കുക. ലെഫ്. ജനറൽ എം ഉണ്ണിക്കൃഷ്ണൻ നായർക്ക് അതിവിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കും. ഒളിമ്പിക്‌സിലെ സുവർണ്ണ മെഡൽ നേട്ടം കണക്കിലെടുത്താണ് സുബേദാർ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കുന്നത്. ഉന്നതസൈനിക ഉദ്യോഗസ്ഥർക്കൊപ്പമാണ് സുബൈദാർ റാങ്കിലുള്ള നീരജിന് ഈ നേട്ടം.

ധീരതക്കുള്ള മെഡലുകൾ അഞ്ചു മലയാളികൾക്കുണ്ട്. . സർവോത്തം ജീവൻ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആർ ആർ നു പ്രഖ്യാപിച്ചു. ശരത് അടക്കം 51 പേർക്കാണ് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് മലയാളികൾ ഉത്തം ജീവാ രക്ഷ പതക്കിനും അർഹരായി.അൽഫാസ് ബാവു, കൃഷ്ണൻ കണ്ടത്തിൽ, മയൂഖാ വി, മുഹമ്മദ് ആദൻ മൊഹുദ്ദീൻ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതക്കിന് അർഹരായത്.

ആഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പത്ത് പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ സമ്മാനിക്കും. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് പേർക്ക് സർവോത്തം ജീവൻ രക്ഷാ പതക്ക്, 14 പേർക്ക് ഉത്തരം ജീവൻ രക്ഷാ പതക്ക്, 29 പേർക്ക് ജീവൻ രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽഫാസ് ബാബു, കൃഷ്ണൻ കുണ്ടത്തിൽ, വി. മയൂഖ, മുഹമ്മദ് അദ്നാൻ എന്നിവർക്ക് ഉത്തരം ജീവൻ രക്ഷാ പതക്കും. ജീവൻ രക്ഷാ പതക്ക് പുരസ്‌കാരം മൂന്ന് മലയാളികൾക്കാണ് ലഭിച്ചിരിക്കുന്നത്. ജോഷി ജോസഫ്, പി. മുരളീധരൻ, റിജിൻ രാജ് എന്നിവർക്കാണ് ജീവൻ രക്ഷാ പതക്ക് പുരസ്‌കാരം.