ലണ്ടൻ:ഒരു സ്വർണ്ണ നാണയത്തിന് കിട്ടിയത് ആറരക്കോടി. ലേ മലലോറിക്ക് എല്ലാ അർത്ഥത്തിലും കോളടിച്ചു. അപ്രതീക്ഷിതമായി കിട്ടയ നിധി. 2021 സെപ്റ്റംബറിലെ ഒരു ദിനത്തിലാണു ബ്രിട്ടിഷുകാരനായ ലേ മല്ലോറി ഒരു മെറ്റൽ ഡിറ്റക്ടറുമായി തന്റെ പാടത്തേക്ക് ഇറങ്ങിയത്. വിനോദത്തിന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ.

പരിശോധന നടക്കുന്നതിനിടെ മെറ്റൽ ഡിറ്റക്ടർ ബീപ്പടിച്ചു. പണ്ടുകാലത്തു കിട്ടിയിട്ടുള്ളതുപോലെ ഇരുമ്പു വസ്തുക്കളോ ആണികളോ ഉപയോഗശൂന്യമില്ലാത്ത സ്‌ക്രൂവോ അങ്ങനെയെന്തെങ്കിലുമായിരിക്കും ബീപ്പിനു കാരണമെന്ന് മലോറിക്ക് തോന്നി. എങ്കിലും ബീപ്പടിച്ച സ്ഥലം ഒന്നു കുഴിച്ചുനോക്കാൻ അദ്ദേഹം തീരുമാനിച്ചു.

മലോറി പത്തു സെന്റീമീറ്ററോളം കുഴിച്ചുചെന്നപ്പോൾ അദ്ഭുതപ്പെട്ടുപോയി. മഞ്ഞനിറത്തിൽ ഒരു നാണയമായിരുന്നു ബീപ്പിനു കാരണമായത്. ആ നാണയം കൈയിലെടുത്തു. തുടച്ചപ്പോൾ അതു വെട്ടിത്തിളങ്ങി. ഒരു സ്വർണനാണയമായിരുന്നുഅത്. എന്നാൽ വെറുമൊരു സ്വർണനാണയമായിരുന്നില്ല,

ബ്രിട്ടനിലെ മധ്യകാലഘട്ടത്തിൽ എഡി 1257ൽ നിർമ്മിച്ച നാണയമായിരുന്നു അത്. ഹെന്റി മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത് നിർമ്മിച്ചത്. ഹെന്റി മൂന്നാമൻ സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം ആലേഖനം ചെയ്ത ഈ നാണയം അപൂർവങ്ങളിൽ അപൂർവമാണ്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നാണയം വീണ്ടും കിട്ടുന്നത്.

ഇത്തരം നാണയങ്ങളിൽ എട്ടെണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ എന്നതിനാൽ അമൂല്യനാണയമായാണ് ഇതു കണക്കാക്കപ്പെടുന്നത്. മ്യൂസിയങ്ങളിലാണ് ഇവ സൂക്ഷിക്കപ്പെടുന്നത്. തുടർന്ന് ഇപ്പോൾ നാണയം ലേലത്തിൽ വച്ചപ്പോഴാണ് ബ്രിട്ടനിൽ നിന്നു തന്നെയുള്ള ഒരു പുരാവസ്തു സ്നേഹി ആറരക്കോടി രൂപയോളം വൻതുക നൽകി നാണയം സ്വന്തമാക്കിയത്.

1207 ഒക്ടോബറിൽ ജനിച്ച ഹെന്റി 1272 നവംബറിൽ തന്റെ 65ാം വയസ്സിലാണു മരിച്ചത്. ഉദാരമനസ്‌കനും സംസ്‌കാരസമ്പന്നനുമെന്നു കീർത്തികേട്ട ഈ രാജാവിന്റെ ഭരണകാലം പോരുദോഷത്തിന്റേതുമായിരുന്നു.