കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടികൾ കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച സൂചന. കുട്ടികളെ കണ്ടെത്താനായി അന്വേഷണസംഘം വ്യാഴാഴ്ച തന്നെ ബെംഗളൂരുവിലേക്ക് തിരിക്കും.

ചിൽഡ്രൻസ് ഹോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു ശേഷം, ബുധനാഴ്ച വൈകിട്ടു മുതലാണ് കുട്ടികളെ കാണാതായത്. ആറു പെൺകുട്ടികളും ഒരുമിച്ചു കെട്ടിടത്തിനു മേൽ ഏണി വച്ച് ഇറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം.

കാണാതായ ആറു പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറു പേർക്കും പ്രായപൂർത്തിയായിട്ടില്ല. ഇവരിൽ രണ്ടുപേർ സഹോദരിമാരാണ്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ ഒരുമിച്ച് റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടികൾ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്താണ് ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, കുട്ടികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ അംഗം ബബിത ചിൽഡ്രൻസ് ഹോമിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

അന്വേഷണം ഊർജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബാലാവകാശ സംരക്ഷണ ഓഫിസറോടും അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പിന്നാലെയാണ് ആറ് പെൺകുട്ടികളെയും ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായത്. ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂർ പൊലീസിൽ പരാതി ലഭിച്ചത്.