- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനെ പരീക്ഷ കൺട്രോളറാക്കാൻ നീക്കം; കാലിക്കറ്റ് സർവകലാശാലയുടെ ശ്രമം ഗോഡ്‌വിൻ സാമ്രാജിനെ സുപ്രധാന സ്ഥാനത്ത് എത്തിക്കാൻ; ഇടത് അദ്ധ്യാപക യൂണിയൻ നേതാവിനെ നിയമിക്കുന്നതിനായി സിൻഡിക്കേറ്റ് യോഗം ചേരുന്നു
കോഴിക്കോട്: പരീക്ഷയ്ക്ക് അവസരം ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ പരീക്ഷാ കൺട്രോളറാക്കാൻ കാലിക്കറ്റ് സർവ്വകലാശാല നീക്കം. മലബാർ ക്രിസ്റ്റ്യൻ കോളേജിലെ മുൻ പ്രിൻസിപ്പൽ ഗോഡ്‌വിൻ സാമ്രാജിന് വേണ്ടിയാണ് നീക്കം. ഇന്ന് ചേരുന്ന സിൻഡിക്കറ്റ് യോഗത്തിലാണ് അദ്ധ്യാപകനെ പരീക്ഷ കൺട്രോളറായി നിയമിക്കാനുള്ള തീരുമാനമുണ്ടാവുക.
പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടർന്ന് മലബാർ ക്രിസ്റ്റ്യൻ കോളേജിലെ പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിലെ ആരോപണ വിധേയനായ അദ്ധ്യാപകനാണ് ഗോഡ്‌വിൻ സാമ്രാജ്. വിദ്യാർത്ഥിയുടെ മരണത്തിൽ കോളേജ് അധികൃതർക്ക് വീഴ്‌ച്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തലുണ്ടായിരുന്നു. എന്നാൽ അദ്ധ്യാപകനെതിരെ അന്ന് നടപടിയെടുക്കാതെ നീക്കികൊണ്ടുപോകുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഗോഡ്‌വിൻ സാമ്രാജിനെ പരീക്ഷാ കൺട്രോളറാക്കാൻ നീക്കം നടക്കുന്നത്. ഇടത് അദ്ധ്യാപക യൂണിയൻ നേതാവാണ് ഗോഡ്‌വിൻ. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ അദ്ധ്യാപകന് എതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഗോഡ്‌വിൻ സാമ്രാജിനെ പരീക്ഷാ കൺട്രോളറാക്കാൻ തീരുമാനമെടുക്കാനുള്ള സിൻഡിക്കേറ്റ് യോഗം തുടങ്ങി.
അതേസമയം, വിരമിച്ച കോളേജ് അദ്ധ്യാപകർക്ക് കൂടി പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയതും ഇന്ന് ചേരുന്ന സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്യും. വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു.
യുജിസി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ചാണ് കാലിക്കറ്റ് സർവകലാശാല 2018നു ശേഷം വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നൽകാനുള്ള നടപടിയുമായി മുന്നോട്ട് പോവുന്നതെന്നാണ് ഉയർന്ന വിമർശനം. സർവകലാശാല നീക്കം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് പ്രൊഫസർഷിപ്പ് നൽകാനാണെന്ന ആരോപണം നിലനിൽക്കെയാണ് ഗവർണറുടെ ഇടപെടൽ.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജിൽ അദ്ധ്യാപികയായിരുന്ന മന്ത്രി ഡോ. ആർ ബിന്ദു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം വിരമിച്ചിരുന്നു. വിഷയത്തിൽ ഏഴ് ദിവസത്തിനകം വൈസ് ചാൻസലർ എം കെ ജയരാജ് വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ